എട്ട് വർഷമായി മകന്റെ തിരിച്ചുവരവും കാത്തിരിക്കുകയാണ് ഒരു കുടുംബം...നാദാപുരം ഒലിയോട്ടുപള്ളിക്ക് സമീപം വടേക്കണ്ടി അസീസും താഹിറയും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുന്നത് മകന്റെ മടങ്ങിവരവിനാണ്.
മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം ഇന്നും. എട്ട് വർഷം പിന്നിട്ടു. പക്ഷേ, മുഹമ്മദ് അസ്ലഹിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിന് മാത്രം അവസാനമില്ല.
2018 മേയ് 3നാണ് അസ്ലഹിനെ അവസാനമായി കണ്ടത്. പിന്നീട് യാതൊരു വിവരവുമില്ല. നേരത്തെയും രണ്ടുതവണ അസ്ലഹ് വീടു വിട്ടു പോയിരുന്നു. പക്ഷേ അപ്പോളൊക്കെ വൈകാതെ തിരിച്ചെത്തി. പ്ലസ്ടു പഠനം പൂർത്തിയാക്കിയ ശേഷം ഡിഗ്രിക്ക് ചേർന്നിരുന്നു . പഠനത്തിനിടെ നേരിയ മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ചികിത്സയും നടത്തിയിരുന്നു. അതിനിടെയാണ് കുടുംബത്തെ തകർത്ത ആ തിരോധാനം.
കുടുംബത്തിലെ ഏക ആൺതരി. മകൻ പോയ നാൾ മുതൽ പൊലീസ് സ്റ്റേഷനിലും ബന്ധപ്പെട്ട ഓഫീസുകളിലും പരാതി നൽകി. വർഷങ്ങൾ കഴിഞ്ഞിട്ടും മാതാപിതാക്കളുടെ അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. അടുത്തിടെ പോലും മകനെ തേടി പിതാവ് മലപ്പുറത്തെത്തി. തീർഥാടന കേന്ദ്രങ്ങളിലും പ്രധാന സ്ഥലങ്ങളിലുമെല്ലാം അന്വേഷണം വ്യാപിപ്പിച്ചു. അപരിചിതമായൊരു നമ്പറിൽനിന്ന് ഫോൺ വന്നാൽ അത് മകനായിരിക്കുമോ എന്ന പ്രതീക്ഷയോടെയാണ് താഹിറയുടെ ഓരോ ദിവസവും മുന്നോട്ടുകൊണ്ടുപോകുന്നത്.