എട്ടുപേരുടെ ജീവനെടുത്ത തൃശൂർ  കയ്പ്പമംഗലം വാഹനാപകടത്തെ തുടർന്ന് നടത്തിയ സുരക്ഷ പരിശോധനയുടെ  റിപ്പോർട്ട് കലക്ടർക്ക് കൈമാറി. നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66 ൽ  പലയിടങ്ങളിലായി മുപ്പതോളം ഗുരുതര സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തി. സുരക്ഷാ പോരായ്മകൾ  പരിഹരിക്കാൻ ദേശീയപാത അതോറിറ്റിക്കും മറ്റു ബന്ധപ്പെട്ട വകുപ്പുകൾക്കും കലക്ടർ കർശന നിർദേശം നൽകി.  

പൊലീസ്, മോട്ടർ വാഹന വകുപ്പ്, തദ്ദേശ വകുപ്പ്, ദേശീയപാത അതോറിറ്റി തുടങ്ങിയവരാണ് പരിശോധന നടത്തിയത്. ദിശാ സൂചനാ ബോർഡുകൾ, റിഫ്ലക്ടീവ് സൈൻ ബോർഡുകൾ, റിഫ്ലെക്ടറോടു കൂടിയ സംരക്ഷണ ഭിത്തി എന്നിവയുടെ കുറവ് പാതയിലുണ്ടെന്ന്  കണ്ടെത്തി. ചിലയിടത്ത് നിർമാണ സാമഗ്രികൾ നീക്കം  ചെയ്തിട്ടില്ലെന്നും സമിതി റിപ്പോർട്ടിൽ. അനധികൃത പാർക്കിങ് ആറുവരിപ്പാതയിലും സർവീസ് റോഡുകളിലുമുണ്ടെന്നും ഇതൊഴിവാക്കാൻ കർശന പട്രോളിങ് ഏർപ്പെടുത്തണമെന്നും സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റിഫ്ലക്ടിങ് സ്റ്റിക്കറുകൾ എല്ലായിടത്തും പതിച്ചിട്ടില്ലെന്നും പതിച്ചതിൽ മിക്കതും നിലവാരം ഇല്ലാത്തതാണെന്നും കണ്ടെത്തി. 

കൂടാതെ വഴിതിരിച്ചു വിടാൻ സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റ് ബാരിക്കേഡുകൾ മാറ്റണമെന്നും ഇതിനു പകരം വെള്ളം നിറച്ച പ്ലാസ്റ്റിക് ഡ്രമ്മുകൾ ഉപയോഗിക്കണമെന്നും സമിതി നിർദേശിച്ചു.വാണിങ് സ്ട്രിപ്പുകൾ ആറുവരിപ്പാതയിൽ കൂടുതലായി സ്ഥാപിക്കണം.സർവീസ് റോ‍ഡുകളിൽ പലയിടത്തും ബസ് സ്റ്റോപ്പുകൾ റോഡിലേക്ക് കയറി നിൽക്കുകയാണ്. ഇതടക്കമുള്ള അപകട സാഹചര്യങ്ങൾ പരിഹരിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ENGLISH SUMMARY:

Thrissur Kaimamgalam accident report highlights significant safety concerns on National Highway 66, prompting collector's directives for immediate rectification. The report details over thirty critical safety issues identified during a review following a fatal accident.