തൃശൂര്‍ കൈപ്പമംഗലത്ത് ദേശീയപാതയില്‍ നിര്‍ത്തിയിട്ട ചരക്കുലോറിയില്‍ കാറിടിച്ച് എട്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. തമിഴ്നാട് ഡിണ്ടിഗല്‍ പി.എസ്.എന്‍.എ  എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്.  കൂട്ടത്തിലൊരാള്‍ പുതിയ കാര്‍ വാങ്ങിയത് ആഘോഷിക്കാന്‍ ദീര്‍ഘദൂരയാത്ര നടത്തിയതാണ് അന്ത്യയാത്രയായത്. 

ഇന്നലെ രാത്രി പതിനൊന്നേമുക്കാലിനായിരുന്നു അപകടം. തൃശര്‍ കൈപ്പമംഗലം പനമ്പിക്കുന്നില്‍ ദേശീയപാതയുടെ സ്പീഡ് ട്രാക്കില്‍ നിര്‍ത്തിയിട്ട ചരക്കുലോറിയായിരുന്നു വില്ലന്‍. പ്രധാന പാതയില്‍ വേഗത്തില്‍ വന്ന കാര്‍ ലോറിയില്‍ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ലോറിയ്ക്കടിയിലേയ്ക്ക് കാര്‍ ഞെരിഞ്ഞമര്‍ന്നു. 

കാറിലുണ്ടായിരുന്ന ഡിണ്ടിഗല്‍ പി.എസ്.എന്‍.എ.  എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എട്ടു പേരും ചിന്നഭിന്നമായി. 

കാറിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത് ഏറെ പണിപ്പെട്ടാണ്. അവശിഷ്ഠങ്ങള്‍ വെട്ടിപ്പൊളിച്ച് എട്ടു പേരേയും പുറത്തെടുത്ത് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ നിന്നെത്തിയ ലോറിയാണ് സ്പീഡ് ട്രാക്കില്‍ നിര്‍ത്തിയിട്ടത്.

കാറിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു കിട്ടിയ കോളജിന്‍റെ തിരിച്ചറിയല്‍ കാര്‍ഡാണ് വിദ്യാര്‍ഥികളെ തിരിച്ചറിയാന്‍ സഹായിച്ചത്. വീട്ടുകാര്‍ അറിയാതെയായിരുന്നു യാത്ര. അപകടത്തില്‍പ്പെട്ട വിവരം അറിയിക്കാന്‍ പൊലീസ് വിളിച്ചപ്പോഴാണ് മക്കള്‍ കേരളയാത്രയിലാണെന്ന് രക്ഷിതാക്കളും അറിയുന്നത്.

ENGLISH SUMMARY:

In a tragic accident on National Highway 66 at Kaipamangalam in Thrissur, eight engineering students lost their lives after their car crashed into a freight lorry parked on the speed track. The deceased were students of PSNA Engineering College in Dindigul, Tamil Nadu, who were on a long-distance drive to celebrate a classmate's purchase of a new car. The high-speed impact completely crushed the car underneath the lorry, requiring rescue workers to cut open the wreckage to retrieve the victims. Relatives only learned about the journey when the Kerala Police contacted them following the fatal crash late Thursday night.