വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നെന്ന് മന്ത്രി സണ്ണി ജോസഫ്. എല്ലാവരും സഹകരിക്കണം. മറ്റ് സംസ്ഥാനങ്ങളിലും വൈദ്യുതി പ്രതിസന്ധിയുണ്ട്. സാഹചര്യം മനസിലാക്കി ഉപയോഗം ചുരുക്കണം. വീടുകളില്‍ ഉള്‍പ്പെടെ ആഡംബര ലൈറ്റുകള്‍ ഒഴിവാക്കണം. മനഃപൂര്‍വം കട്ട് ചെയ്യുന്നവരുണ്ടോ എന്ന് പരിശോധിക്കും. മനഃപൂര്‍വം കട്ട് ചെയ്യുന്നവരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് വെറുതെയല്ലെന്നും മന്ത്രി വ്യക്തമാക്കി. 

 

ഇന്നും നിയന്ത്രണം

 

പതിമൂന്നാം ദിവസത്തിന്‍റെ തുടര്‍ച്ചയെന്നോണം ഇന്ന് ( ഞായര്‍ ) രാത്രിയിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാവും. വൈകീട്ട് ആറ് പതിനഞ്ച് മുതല്‍ രാത്രി 12.45 വരെയുള്ള സമയത്താവും നിയന്ത്രണമെന്നും കെ.എസ്.ഇ.ബി. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്‍റെ സാമ്പത്തിക ബാധ്യത ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെടുത്തി കെ.എസ്.ഇ.ബി സര്‍ക്കാരിന് കത്തെഴുതിയതിനൊപ്പം മറ്റ് സംസ്ഥാനങ്ങളിലേക്ക് വൈദ്യുതി ലഭ്യത തേടി കെ.എസ്.ഇ.ബി ഡയറക്ടര്‍മാര്‍ നേരിട്ട് പോകുന്നതിനും ഉന്നതതല യോഗത്തില്‍ തീരുമാനമായി. പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു

 

Also read: ജനങ്ങള്‍ക്ക് ഇന്നും രക്ഷയില്ല; രാത്രി വൈദ്യുതി നിയന്ത്രണം തുടരും: കെഎസ്ഇബി

ഇന്ന് തീരുമോ, നാളെയെങ്കിലും നന്നായി ഉറങ്ങാനാവുമോ എന്ന് ചിന്തിക്കുന്നവര്‍ക്ക് മുന്നിലേക്ക്. കഴിഞ്ഞ പന്ത്രണ്ട് ദിവസമായി വൈദ്യുതി നിയന്ത്രണമെന്ന ആചാരം ഇന്ന് രാത്രിയിലുമുണ്ടാവുമെന്ന് കെ.എസ്.ഇ.ബി. ആറ് പതിനഞ്ച് കഴിഞ്ഞ് രാത്രി ഒരു മണിക്കുള്ളില്‍ ഏത് സമയത്തും വിളക്കണയാനുള്ള സാധ്യതയുണ്ട്. 900 മെഗാവാട്ടിന്‍റെ വൈദ്യുതി കുറവാണ് പ്രതീക്ഷിക്കുന്നത്. 94.94 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം. രാത്രികാലത്തെ വൈദ്യുതി ആവശ്യകത അയ്യായിരത്തിന് താഴെ 4938 മെഗാവാട്ട് എന്ന നിലയില്‍ അവസാനിച്ചത് മാത്രമാണ് നേരിയ ആശ്വാസം. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്‍റെ സാമ്പത്തിക ബാധ്യത ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെടുത്തിയാണ് കെ.എസ്.ഇ.ബി സര്‍ക്കാരിന് കത്തെഴുതിയത്. 

 

രാത്രിയില്‍ യൂണിറ്റിന് പതിമൂന്നിലേറെ രൂപ നല്‍കിയാണ് വൈദ്യുതി വാങ്ങുന്നത്. റെഗുലേറ്ററി കമ്മിഷന്‍റെ അനുമതിയുണ്ടെങ്കില്‍ ഭാവിയില്‍ കോടികളുടെ സാമ്പത്തിക ബാധ്യത ഉപഭോക്താക്കളിലേക്ക് വരാതെ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് പ്രധാന ആവശ്യം. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ ആദ്യമായി ഇന്ന് ( ഞായര്‍ ) രാത്രിയില്‍ അന്‍പത് മെഗാവാട്ട് വൈദ്യുതി കൂടുതലായി കിട്ടാനുള്ള ധാരണയായെന്നും കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി ലഭ്യതയില്‍ സ്വയംപര്യാപ്തതയുള്ള സംസ്ഥാനങ്ങളിലേക്ക് കെ.എസ്.ഇ.ബി ഡയറക്ടര്‍മാര്‍ നേരിട്ടെത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ച് വൈദ്യുതി വാങ്ങാനുള്ള സാധ്യതയാണ് തേടുന്നത്.

 

നാളെ ഡയറക്ടര്‍മാര്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെത്തി ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതിനും രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. 

ENGLISH SUMMARY:

Kerala electricity crisis is causing significant disruptions, with Minister Sunny Joseph addressing the ongoing power cuts. The government is exploring all avenues to resolve the shortage, including purchasing electricity at higher rates and seeking cooperation from the public.