• ജീവനാശ്വാസമാകേണ്ട നൂറുകണക്കിന് പുതിയ ആംബുലന്‍സുകള്‍ ഭരണപരമായ അനാസ്ഥ കാരണം തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ മൂലകളില്‍ തുരുമ്പെടുത്ത് നശിക്കുന്നു.

ജീവനാശ്വാസമാകേണ്ട നൂറുകണക്കിന് പുതിയ ആംബുലന്‍സുകള്‍ ഭരണപരമായ അനാസ്ഥ കാരണം തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ മൂലകളില്‍ തുരുമ്പെടുത്ത് നശിക്കുന്നു. നിലവിലുള്ള 108 ആംബുലന്‍സുകള്‍ക്ക് പകരമായി എത്തിച്ച 300-ലധികം പുതിയ ആംബുലന്‍സുകളാണ് മാസങ്ങളായി നിരത്തിലിറങ്ങാനാകാതെ കിടക്കുന്നത്. Also Read: ചിതലിനെ കൊല്ലാനുള്ള വിഷം തറയില്‍ പടര്‍ന്നു, കുട്ടിയുടെ കൈപ്പത്തിയുടെ പാട്; അപകടസമയത്ത് കറന്റില്ലായിരുന്നെന്ന് പിതാവ്.


കഴിഞ്ഞ ജൂലൈ മുതല്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിസരങ്ങളിലെത്തിച്ച വാഹനങ്ങളാണ് ഇത്തരത്തില്‍ കാടുപിടിച്ചു കിടക്കുന്നത്. പുലയനാര്‍ക്കോട്ട ആശുപത്രി പരിസരത്ത് ഒപ്പിയെടുത്ത ദൃശ്യങ്ങളില്‍, കോടിക്കണക്കിന് രൂപയുടെ അത്യാധുനിക ഉപകരണങ്ങളുള്ള പുതിയ വാഹനങ്ങള്‍ യാതൊരു സംരക്ഷണവുമില്ലാതെ കിടക്കുന്നതായി കാണാം. വാഹനം പൂട്ടിയിടാനുള്ള അടിസ്ഥാന ചുമതല പോലും അധികാരികൾ കാണിച്ചിട്ടില്ല.

തേഞ്ഞ ടയറുകളും കാലപ്പഴക്കം ചെന്ന ഉപകരണങ്ങളുമായി പഴയ ആംബുലന്‍സുകൾ കഷ്ടപ്പെട്ട് സര്‍വീസ് നടത്തുമ്പോഴാണ് പുതിയ വണ്ടികള്‍ ഉപയോഗശൂന്യമാകുന്നത്. നിലവിലുള്ള വാഹനങ്ങള്‍ പിന്‍വലിച്ച് പുതിയവ നിരത്തിലിറക്കാനായി 2025-ലാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. എന്നാല്‍, വാഹനം എത്തി മൂന്ന് മാസമായിട്ടും ചുവപ്പുനാടയിൽ കുടുങ്ങി റജിസ്ട്രേഷൻ നടപടികൾ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

ആംബുലന്‍സുകള്‍ ഉടന്‍ തന്നെ നിരത്തിലിറക്കുമെന്നാണ് ആരോഗ്യവകുപ്പും നടത്തിപ്പ് ചുമതലയുള്ള കമ്പനിയും നല്‍കുന്ന വിശദീകരണം. എന്നാല്‍ നടപടികൾ വൈകുന്നതിനാല്‍, വാഹനങ്ങള്‍ പൂർണ്ണമായും തുരുമ്പെടുത്ത് നശിക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്.

ENGLISH SUMMARY:

More than 300 new 108 ambulances have reportedly been lying unused and exposed to the elements at government institutions in Thiruvananthapuram for months. Despite being equipped with advanced medical facilities, the vehicles have not been deployed due to delays in registration and administrative procedures. The issue has raised concerns over government negligence and the possible deterioration of the ambulances.