അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണകാരണം വിഷം ഉള്ളില്‍ ചെന്നെന്ന സംശയത്തില്‍ പൊലീസ്. തിന്നര്‍ ഉള്ളില്‍ച്ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നായിരുന്നു പിതാവിന്റെ ആദ്യമൊഴി. എന്നാല്‍ മാതാപിതാക്കള്‍ക്ക് തെറ്റ് പറ്റിയതാകാമെന്ന സംശയത്തിലാണ് പൊലീസ്.
ചിതലിനെ കൊല്ലാനുള്ള വിഷത്തിന്റെ കുപ്പി മുറിയില്‍ വീണുകിടക്കുന്നതായി ഇന്നലെ നടന്ന പൊലീസിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. തറയില്‍ പടര്‍ന്ന വിഷത്തില്‍ കുട്ടികള്‍ കൈയ്യിട്ടതിന്റെ പാടുകളുണ്ട്. അതേസമയം, അപകടസമയത്ത് കറന്റ് ഇല്ലായിരുന്നെന്ന് പിതാവിന്റെ മൊഴിയില്‍ നിന്നും വ്യക്തമാകുന്നു. ഒരു വയസ്സ് മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. അടിമാലി വലിയകാട്ടിൽ അഫ്സൽ- സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ചത്.
Also Read: ഇടുക്കിയില്‍ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു; തിന്നര്‍ കുടിച്ചെന്ന് പിതാവ്
ഇന്നലെ രാവിലെ എട്ടരയോടെയാണ് കുഞ്ഞുങ്ങളെ ഗുരുതരാവസ്ഥയിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞുങ്ങൾ പെയിന്റിങ്ങിന് ഉപയോഗിക്കുന്ന തിന്നർ കുടിച്ചതാണ് അപകടത്തിന് കാരണമെന്ന പിതാവിന്റെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇന്നലെ ഇരുവരേയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പ്രാഥമിക ചോദ്യംചെയ്യലിനു ശേഷം മാതാപിതാക്കളെ വിട്ടയച്ചു.
Also Read: ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു; സംസ്കാരം നാളെ കോതമംഗലത്ത്
ആശുപത്രിയിൽ പ്രവേശിപ്പിച്ച് അരമണിക്കൂറിനുള്ളിൽ കുഞ്ഞുങ്ങളുടെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് ഒരു കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ടു കുഞ്ഞുങ്ങളുടെയും ജീവൻ രക്ഷിക്കാനായില്ല. ഒരു കുട്ടിയുടെ വായില്‍ നിന്നും നുരയും പതയും വന്നിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. പോസ്റ്റുമോർട്ടം നടപടികളും ആന്തരികാവയവങ്ങളുടെ പരിശോധനയും പൂർത്തിയായ ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
ഈ വീട്ടുകാരെക്കുറിച്ച് നാട്ടുകാര്‍ക്കും വ്യക്തമായ വിവരങ്ങളൊന്നും തന്നെയില്ലെന്നാണ് ലഭിക്കുന്ന വിവരം. രണ്ടുമാസം മുന്‍പാണ് അഫ്സൽ- സാന്ദ്ര ദമ്പതികളും മൂന്ന് കുട്ടികളും ഈ വാടകവീട്ടില്‍ താമസത്തിനെത്തുന്നത്. പെയിന്റിങ് തൊഴിലാളിയാണ് അഫ്സല്‍.