മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ആശുപത്രി വികസന സമിതിയില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഒഴിവാക്കി ആരോഗ്യവകുപ്പിന്‍റെ ഉത്തരവ്. ഇതോടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഒഴിവായി. ആശുപത്രിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ഉത്തരവ് ബാധിക്കുമെന്നാണ് പുറത്തായവരുടെ ആക്ഷേപം.
സര്‍ക്കാര്‍ ആശുപത്രികളുടെ നടത്തിപ്പ് മുതല്‍ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നത് വരെയുള്ള കാര്യങ്ങള്‍ നോക്കുന്നത് വികസനസമിതിയാണ്. കലക്ടര്‍ ചെയര്‍മാനായ സമിതിയില്‍ നേരത്തെ നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ടിരുന്നു. ഈ 32 അംഗസമിതിയാണ് 11 അംഗങ്ങളാക്കി ചുരുക്കിയത്. ഇനി ആരോഗ്യ മന്ത്രിയുടെയും ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെയും എം.പിയുടെയും പ്രതിനിധികള്‍ മാത്രമാണ് രാഷ്ട്രീയകാരായി ഉണ്ടാവുക.
കമ്മിറ്റിയില്‍ വൈസ് ചെയര്‍മാനായിരുന്ന പ്രിന്‍സിപ്പല്‍ ഇനി മുതല്‍ അംഗം മാത്രമായിരിക്കും. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെ ഒഴിവാക്കുന്നതിലൂടെ രോഗികളുടെ ആവശ്യങ്ങളും പരാതികളും സമിതിക്ക് മുന്നില്‍ എത്താതിരിക്കാന്‍ കാരണമാകുമെന്നാണ് പ്രധാന ആക്ഷേപം. മരുന്നുകളുടെ വില, ലാബുകളിലെ ഫീസ് എന്നിവ തോന്നിയ പോലെ കൂട്ടാന്‍ ഭരിക്കുന്നവര്‍ക്കാവുമെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഉത്തരവിനെതിരെ ഭരണമുന്നണിയില്‍ തന്നെ എതിര്‍പ്പുകളുണ്ട്.