• ഇന്നലെ അധികമായി വേണ്ടിവന്ന ആയിരത്തി ഇരുന്നൂറ് മെഗാവാട്ടിനായി പവര്‍ എക്സ്ചേഞ്ചില്‍ ആവശ്യപ്പെട്ടെങ്കിലും ഒരു മെഗാവാട്ട് പോലും കിട്ടിയില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍

രാത്രികാല വൈദ്യുതി നിയന്ത്രണം സെപ്റ്റംബര്‍ മുപ്പത് വരെ തുടരേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എം.ജി രാജമാണിക്യം. രാത്രിയില്‍ നിരവധിതവണ വൈദ്യുതി കട്ടാക്കുന്നുവെന്നതില്‍ യാഥാര്‍ഥ്യമില്ല. ഇന്നലെ അധികമായി വേണ്ടിവന്ന ആയിരത്തി ഇരുന്നൂറ് മെഗാവാട്ടിനായി പവര്‍ എക്സ്ചേഞ്ചില്‍ ആവശ്യപ്പെട്ടെങ്കിലും ഒരു മെഗാവാട്ട് പോലും കിട്ടിയില്ല. Also Read: കെഎസ്ഇബി ജീവനക്കാരോട് ഓഫീസിലും വീട്ടിലും വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ ചെയർമാന്‍റെ അഭ്യർഥന

പീക്ക് സമയം ഒരുമിച്ച് എ.സി ഓഫ് ചെയ്ത്, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാതെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ സഹായിക്കാന്‍ മലയാളികളോട് അഭ്യര്‍ഥിക്കുകയാണ്. സ്വന്തം വീട്ടില്‍ രാത്രിയില്‍ എ.സി ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചതിനൊപ്പം കെ.എസ്.ഇ.ബി ജീവനക്കാരോടും താന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും ദിവസേന ധരിപ്പിക്കുന്നുണ്ടെന്നും രാജമാണിക്യം മനോരമ ന്യൂസിനോട്. 

അതേസമയം, തുടർച്ചയായ പതിനൊന്നാം ദിവസവും രാത്രികാല വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് ജനങ്ങൾ. ഇന്നലെ വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയാണ് നിയന്ത്രണമെന്ന് അറിയിച്ചിരുന്നതെങ്കിലും പുലർച്ചെ രണ്ടര മണിക്കും വൈദ്യുതി തടസമുണ്ടായി. വൈദ്യുതി നിയന്ത്രണ സമയം അറിയിച്ചുള്ള സന്ദേശം ഉപഭോക്താവിന്റെ മൊബൈലിൽ ലഭിച്ച് തുടങ്ങി. ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഉണ്ട്. 

രാത്രികാല ഉപഭോഗം കണക്കിലെടുക്കുമ്പോൾ ഇന്നലെ 900 മെഗാവാട്ടിന്റെ കുറവുണ്ടായിരുന്നു. വൈദ്യുതി നിയന്ത്രണ സമയം അറിയിച്ചുള്ള സന്ദേശം ഉപഭോക്താവിന്റെ മൊബൈലിൽ ലഭിച്ച് തുടങ്ങിയത് മാത്രമാണ് പരിഷ്‌കാരത്തിന്റെ ഭാഗമായി നടപ്പായത്. രണ്ട് ദിവസത്തിനുള്ളിൽ കെ.എസ്.ഇ.ബിയുടെ ആപ് വഴി ഏത് സമയത്താണ് വൈദ്യുതി നിയന്ത്രണ സാധ്യതയെന്ന് ഉപഭോക്താവിന് നേരിട്ട് മനസിലാക്കാനാവും. ഇന്നും രാത്രിയിൽ ആയിരം മെഗാവാട്ട് വൈദ്യുതി പവർ എക്സ്ചേഞ്ച് വഴി നേടാനുള്ള ശ്രമം തുടങ്ങിയതായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

ENGLISH SUMMARY:

KSEB Chairman M.G. Rajamanikyam said nighttime power restrictions may continue until September 30 due to a shortage of up to 1,200 MW. He urged consumers to switch off air conditioners during peak hours and avoid charging electric vehicles at night. Power cuts continued for the 11th consecutive day, with restrictions possibly extending beyond the announced timings. KSEB is trying to procure 1,000 MW through the power exchange and plans to provide restriction updates through its app.