പൊതുരംഗത്ത് സ്ത്രീകള്‍ ഇടപെടുന്നതുമായി ബന്ധപ്പെട്ട് കാന്തപുരം അബൂബക്കര്‍ മുസല്യാര്‍ നടത്തിയ പ്രസ്ഥാവനയോട് തനിക്ക് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. കോഴിക്കോട് വെച്ച് നാളെ (ഞായര്‍) എ.പി അബൂബക്കര്‍ മുസല്യാറും അന്‍വര്‍ ഇബ്രാഹിമും തമ്മില്‍ കൂടിക്കാഴ്ച്ച നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്ക്സ് ഉച്ചകോടിക്ക് ശേഷം എന്‍ഡിടിവിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മലേഷ്യന്‍ പ്രധാനമന്ത്രി. സ്ത്രീകള്‍ക്ക് തുല്ല്യ അവകാശങ്ങള്‍ പ്രധാനം ചെയ്യുന്ന രാജ്യമാണ് മലേഷ്യയെന്നും അന്‍വര്‍ ഇബ്രാഹിം വ്യക്തമാക്കി.
കാന്തപുരം ഖുർആനെയും പ്രവാചകചര്യകളെയും പാരമ്പര്യങ്ങളെയും മനസിലാക്കുന്നതിൽ സംഭാവനകൾ നൽകിയിട്ടുള്ള, പല വിധത്തിലും മികച്ച ഒരു അധ്യാപകനായ മതപണ്ഡിതനാണെന്ന് അന്‍വര്‍ ഇബ്രാഹിം പറയുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ എല്ലാ കാഴ്ചപ്പാടുകളോടും അഭിപ്രായത്തോടും തങ്ങള്‍ക്ക് യോജിപ്പുണ്ടാകണമെന്ന് അര്‍ഥമില്ലെന്നും മലേഷ്യന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
കാന്തപുരം നടത്തിവരുന്ന നഴ്സിങ് കോളജ് പോലുള്ള സ്ഥാപനങ്ങളെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അത്തരം കോളേജുകളിലെ പെൺകുട്ടികൾ എന്തുതന്നെയായാലും ആശുപത്രികളിൽ ജോലി ചെയ്യുമെന്നും അന്‍വര്‍ ഇബ്രാഹിം അഭിപ്രായപ്പെട്ടു.
തങ്ങളുടെ രാജ്യത്തെ സർവകലാശാലകളിൽ കൂടുതൽ വിദ്യാർത്ഥിനികളാണുള്ളതെന്നും തന്‍റെ ഭാര്യ ഒരു ഡോക്ടറാണെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികൾ ഉൾപ്പെടെ തന്‍റെ എല്ലാ മക്കൾക്കും പഠിക്കാനും മറ്റുമുള്ള അവകാശമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പണ്ഡിതന്‍മാരായാലും പ്രധാനമന്ത്രിയോ പ്രസിഡന്‍റോ ആയാല്‍പോലും അവര്‍ പറയുന്ന എല്ലാക്കാര്യങ്ങളോടും യോജിക്കേണ്ടതില്ല. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും താൻ സൂചിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് മര്‍ക്കസ് ആസ്ഥാനവും മടവൂര്‍ മഖാമും ഒരു സ്വകാര്യ വെല്‍നസ് കേന്ദ്രവുമാണ് മലേഷ്യന്‍ പ്രധാനമന്ത്രി നാളെ സന്ദര്‍ശിക്കുക.
സ്ത്രീകൾ പൊതുരംഗത്തേക്ക് ഇറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നും ആ അപകടം ഒഴിവാക്കാനാണ് ഇസ്‌ലാം മതം പർദ്ദ സമ്പ്രദായം നിശ്ചയിച്ചതെന്നും സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരാണെന്നും കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ പറഞ്ഞിരുന്നു. നബിദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച 'ഹുബ്ബുൽ റസൂൽ' കോൺഫറൻസിൽ സംസാരിക്കവേയായിരുന്നു കാന്തപുരം വിവാദ പ്രസ്താവന നടത്തിയത്.