തൃക്കരിപ്പൂർ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ നിർമ്മാണ അപാകതകളും കായിക മേഖലയിലെ വികസന ആവശ്യങ്ങളും വിലയിരുത്താൻ സന്ദർശനം നടത്തി നിയമസഭാ സമിതി. അധ്യക്ഷൻ സനീഷ് കുമാർ ജോസഫ്, അംഗങ്ങളായ സന്ദീപ് വാര്യർ, ടി.പി. അഷ്റഫലി എന്നീ എം.എൽ.എ.മാരുടെ നേതൃത്വത്തിലാണ് സംഘം സ്റ്റേഡിയത്തിലെത്തിയത്. കായിക മേഖലയിലെ പരാതികളും വികസന നിർദ്ദേശങ്ങളും ജനപ്രതിനിധികളിൽ നിന്നും കായിക താരങ്ങളിൽ നിന്നും നേരിട്ട് ചോദിച്ചറിഞ്ഞ സമിതി പൊതുജനങ്ങളിൽ നിന്ന് നിവേദനങ്ങളും സ്വീകരിച്ചു.

​സ്റ്റേഡിയം നിർമ്മാണത്തിലെ വിവിധ അപാകതകൾ എം.എൽ.എ.മാർ നിർമ്മാണച്ചുമതലയുള്ള കിറ്റ്കോ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. വിഷയത്തിൽ ശാശ്വത പരിഹാരം കാണുന്നതിനായി തിരുവനന്തപുരത്ത് പ്രത്യേക സിറ്റിങ് നടത്താൻ സമിതി തീരുമാനിച്ചു. രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ സിന്തറ്റിക് ടർഫ് നവീകരിച്ച് കായികതാരങ്ങൾക്ക് സുഗമമായി കളിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് സന്ദീപ് വാര്യർ എം.എൽ.എ. ഉറപ്പുനൽകി.

​തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിദ സഫറുള്ള, വൈസ് പ്രസിഡന്റ് എം. രജീഷ് ബാബു, സ്ഥിരം സമിതി അധ്യക്ഷൻ ടി.എസ്. നജീബ്, മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ എം. സുരേഷ്, എം. മുഹമ്മദ് റാഫി, ദേശീയ സെപക് താക്രോ താരം കെ. ശ്രേയ, കേരള ഫുട്ബോൾ അസോസിയേഷൻ ഡെപ്യൂട്ടി സെക്രട്ടറി ടി.കെ.എം. റഫീഖ് എന്നിവർ സമിതിക്ക് നേരിട്ട് നിവേദനം നൽകി. നിയമസഭാ സമിതി സെക്രട്ടറി ആർ.എസ്. സന്തോഷ് കുമാർ, കിറ്റ്കോ സീനിയർ കൺസൾട്ടന്റ് ബൈജു ജോൺ, എൻജിനീയർമാരായ എ.വി. ബബിത, ടോണി ജോർജ്ജ്, എ. അമൽ, കരാർ കമ്പനി സി.ഇ.ഒ. സി. അനിൽകുമാർ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

ENGLISH SUMMARY:

A Legislative Assembly Committee visited the Rajeev Gandhi Stadium in Trikaripur to evaluate major construction defects and address regional sports development needs. Led by Chairman Saneesh Kumar Joseph alongside MLAs Sandeep Varier and T.P. Ashrafali, the panel gathered petitions directly from local representatives and sports personalities. The committee highlighted specific construction flaws to KITCO officials and decided to convene a special sitting in Thiruvananthapuram to find a permanent solution. Sandeep Varier MLA assured that the stadium's synthetic turf will be renovated to provide proper facilities for athletes.