കാസർകോട് നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ നടപടികൾക്ക് തുടക്കമായി. പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് എം.ജി. റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഗതാഗതക്കുരുക്കിനാണ് ആദ്യഘട്ടത്തിൽ പരിഹാരം കാണുന്നത്. ഇതോടെ നഗരത്തിലെ ഗതാഗത കുരുക്കിന് വലിയൊരു ശതമാനംവരെ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കാസർകോട്ടെ പ്രമുഖ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലാണ് നിലവിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. റോഡ് വീതി കൂട്ടി പ്രശ്നത്തിന് പരിഹാരം കാണുന്നതിനാണ് നഗരസഭയും ജനപ്രതിനിധികളും നീക്കം നടത്തുന്നത്.ഇതിന്റെ ഭാഗമായി കെട്ടിട ഉടമകളുമായി പ്രാഥമിക ചർച്ചയും സ്ഥലപരിശോധനയും നടത്തി. കെട്ടിടങ്ങൾക്ക് മുന്നിലെ സ്ഥലം സ്വമേധയാ റോഡ് വികസനത്തിനായി വിട്ടുനൽകണമെന്ന് ഉടമകളോട് അഭ്യർത്ഥിച്ചു. ഇതിന് ഉടമകളുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചത്.
സ്ഥലം ലഭ്യമായാൽ ആധുനിക രീതിയിൽ റോഡ് നവീകരിക്കുന്നതിനൊപ്പം ഡ്രെയിനേജും ഫുട്പാത്തും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് എം.എൽ.എ കലട്ര മാഹിൻ അറിയിച്ചു.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറുമായി വിഷയം ചർച്ച ചെയ്തതായും ആവശ്യമായ സഹായം മന്ത്രി ഉറപ്പുനൽകിയതായും എം.എൽ.എ പറഞ്ഞു. മന്ത്രി ഉടൻ കാസർകോട് എത്തി പ്രദേശം നേരിട്ട് പരിശോധിക്കും.സമീപത്തെ മറ്റ് കെട്ടിട ഉടമകളുമായും ചർച്ച നടത്തി സ്ഥലം വിട്ടുനൽകുന്നതിൽ ധാരണയിലെത്താനാണ് തീരുമാനം. ഇത് യാഥാർഥ്യമായാൽ നഗരത്തിലെ പ്രധാന ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.