• സംസ്ഥാനത്ത് തുടര്‍ച്ചയായി പത്താം ദിവസമാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്നത്.

ഗുരുതര വൈദ്യുതി പ്രതിസന്ധി തുടരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നു രാത്രിയിലും ഭാഗിക വൈദ്യുതി നിയന്ത്രണം തുടരും. തുടര്‍ച്ചയായി പത്താം ദിവസമാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്നത്. വൈകീട്ട് 6.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയുള്ള സമയത്താണ് നിയന്ത്രണം. വൈദ്യുതി നിയന്ത്രിക്കുന്ന സമയം സംബന്ധിച്ച് മുന്‍കൂട്ടി അറിയിക്കുന്ന സംവിധാനം ഇന്ന് വൈകീട്ടോടെ ഏര്‍പ്പെടുത്തുമെന്നാണ് വൈദ്യുതി മന്ത്രി അറിയിച്ചിട്ടുള്ളത്. 

 

ഒന്നിലേറെ തവണ പവര്‍ കട്ടുണ്ടാവുന്നുവെന്ന പരാതി ഇന്നും തുടരാനാണ് സാധ്യത. ആയിരം മെഗാവാട്ടിനോട് അടുത്ത് വൈദ്യുതിയുടെ കുറവ് കഴിഞ്ഞദിവസവും രേഖപ്പെടുത്തി. പവര്‍ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യത സാധ്യത നേരിയ തോതില്‍ ഉയര്‍ന്നിട്ടുള്ളത് ആശ്വാസമാവുമെന്നാണ് വിലയിരുത്തല്‍. ചില ജില്ലകളില്‍ മഴ മുന്നറിയിപ്പ് സാധ്യതയുള്ളതും കണക്കിലെടുത്താല്‍ നിയന്ത്രണം ഒഴിവാക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

 

 അതേസമയം, സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ഈമാസം പതിനഞ്ചിനുള്ളില്‍ തീരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞത് തിരുത്തി കെ.എസ്.ഇ.ബി ചെയര്‍മാന്‍. ഈമാസം 30 വരെ പ്രതിസന്ധി തുടരുമെന്ന് എം.ജി.രാജമാണിക്യം പറഞ്ഞു. ആയിരം മെഗാവാട്ടിന്‍റെ കുറവുള്ള സാഹചര്യത്തില്‍ രാത്രിയില്‍ ഒന്നിലേറെ തവണ നിയന്ത്രണം വേണ്ടിവരും. ഇന്നലെ രാത്രിയിൽ മുൻകൂട്ടി അറിയിച്ചതിനെക്കാൾ കൂടുതൽ സമയം വൈദ്യുതി നിയന്ത്രിച്ചെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കുന്നതിനുള്ള സംവിധാനം വരുമെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.

 

കൂടിയ വിലനല്‍കിയാലും വൈദ്യുതി കിട്ടാത്ത സാഹചര്യം. കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ട്. ഈമാസം പതിനഞ്ചോടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി. പതിനഞ്ച് കൊണ്ട് പ്രതിസന്ധി തീരില്ലെന്ന് തുറന്ന് പറഞ്ഞ് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എം.ജി രാജമാണിക്യം. ആയിരം മെഗാവാട്ടിന്‍റെ കുറവ് പൂര്‍ണമായും മറികടക്കാന്‍ ഒക്ടോബര്‍ ഒന്ന് വരെ കാത്തിരിക്കേണ്ടി വരും. അതല്ലെങ്കില്‍ മഴ പെയ്യണം. മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതിക്ഷാമത്തിനും പരിഹാരമാവണം.

 

ഏത് സമയത്ത് വൈദ്യുതി മുടങ്ങുമെന്ന കാര്യം ജനങ്ങളെ കൃത്യമായി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി സണ്ണി ജോസഫ്. 

 

ഇന്നലെ വൈകീട്ട് 6.30 മുതൽ രാത്രി 12.30 വരെയായിരുന്നു ഔദ്യോഗിക വൈദ്യുതി നിയന്ത്രണ മുന്നറിയിപ്പ്. രാത്രി 8.15 മുതൽ പുലർച്ചെ ഒരു മണി വരെ നിയന്ത്രണം വേണ്ടി വന്നതായി കെ.എസ്.ഇ.ബി ഇന്ന് രാവിലെ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ഇന്നലെ മാത്രം 94.76 ദശലക്ഷം യൂണിറ്റാണ് ഉപഭോഗം. സംസ്ഥാനത്തെ

ഉൽപാദനം 22.85 ദശലക്ഷം യൂണിറ്റ് മാത്രം. 

 

നേരിയ നിയന്ത്രണമെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണമെങ്കിലും പലയിടത്തും അര മണിക്കൂറും പതിനഞ്ച് മിനിറ്റും വീതം നാലിൽ അധികം തവണ പവർ കട്ടുണ്ടായെന്നാണ് ആക്ഷേപം. സംസ്ഥാനത്തെ ഗുരുതര വൈദ്യുതി പ്രതിസന്ധി മന്ത്രി സണ്ണി ജോസഫിന്റെയും കെ എസ്.ഇ.ബി ചെയർമാൻ എം.ജി രാജമാണിക്യത്തിന്റെയും നേതൃത്വത്തിൽ വിലയിരുത്തി. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള അനുമതി ഉൾപ്പെടെ വേഗത്തിലാക്കാൻ റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെടാനും തീരുമാനിച്ചു.

ENGLISH SUMMARY:

Kerala electricity crisis continues with partial power cuts expected tonight, marking the tenth consecutive day of restrictions. The government is implementing a system to notify the public in advance about scheduled power outages.