കെഎസ്ഇബി സ്മാര്‍ട്ട് മീറ്റര്‍ രണ്ടാംഘട്ട പദ്ധതിയുടെ സാമ്പത്തിക ബിഡുകള്‍ തുറന്നു. അടങ്കല്‍ തുകയെക്കാൾ നാല്‍പ്പത്തി ഒന്ന് ശതമാനം കുറച്ചുള്ള തുകയാണ് ഒന്നാം ഘട്ടത്തിലെ കരാറുകാരായ കമ്പനി രേഖപ്പെടുത്തിയത്. സൂക്ഷ്മ പരിശോധനകള്‍ പൂര്‍ത്തിയാക്കി മാത്രമേ വിജയിയായ കരാറുകാരനെ ഔദ്യോഗികമായി പ്രഖാപിക്കൂ. പദ്ധതി വൈകുന്നതില്‍ കെഎസ്ഇബിയെ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.

2385 കോടിയാണ് പദ്ധതിയുടെ അടങ്കല്‍ തുക. പത്ത് കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. കെഎസ്ഇബിക്ക് വേണ്ടി ഒന്നാം ഘട്ടത്തില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ച ഗ്രിഡ്ക്രെസ്റ്റ് ടെക്നോളജീസാണ് ഏറ്റവും കുറഞ്ഞ തുകയായ 1399 കോടി രേഖപ്പെടുത്തിയത്. സ്മാര്‍ട്ട് മീറ്റര്‍ ടെന്‍ഡറുമായി ബന്ധപ്പെട്ട് ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. 

ടെന്‍ഡറില്‍ പങ്കെടുത്ത അദാനി എനര്‍ജി സൊല്യൂഷന്‍സാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. 3568 കോടി രൂപ. റേഡിയോ ഫ്രീക്വന്‍സി സാങ്കേതിക വിദ്യ നിര്‍ദേശിച്ചിട്ടുള്ള ബിഡ്ഡര്‍മാരുടെ തുക പുനര്‍മൂല്യനിര്‍ണയം നടത്തേണ്ടതുണ്ട്. അതിനാല്‍ വിശദമായ സാമ്പത്തിക സാങ്കേതിക സൂക്ഷ്മപരിശോധന കഴിഞ്ഞേ വിജയിയെ പ്രഖ്യാപിക്കൂ. രണ്ടാം ഘട്ടത്തില്‍ 50 ലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. 

സോളര്‍ ഉടമകള്‍, പ്രതിമാസം 150 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപഭോഗമുള്ളവര്‍ എന്നിവര്‍ക്കായി 35 ലക്ഷവും പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കായി 15 ലക്ഷം സ്മാര്‍ട്ട് മീറ്ററും എന്നിങ്ങനെയാണ് കണക്ക്. കരാരുകാരനെ തിരഞ്ഞെടുത്ത് പ്രവര്‍ത്തനാനുമതി നല്‍കിയാലും അടുത്തവര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ മാത്രമേ സ്മാര്‍ട്ട് മീറ്റുകള്‍ സ്ഥാപിച്ച് തുടങ്ങാനാവൂ. 

ENGLISH SUMMARY:

KSEB Smart Meter tender's second phase has opened with significantly lower bids than the estimated cost. GridCrest Technologies, the contractor from the first phase, submitted the lowest bid, indicating a competitive pricing for the smart meter project.