ലക്ഷങ്ങള്‍ മുടക്കി വീടുകളില്‍ സൗരോര്‍ജ പ്ലാന്‍റുകള്‍ സ്ഥാപിച്ചവര്‍ വലിയ പ്രതിസന്ധിയില്‍. കെഎസ്ഇബി മീറ്റര്‍ നല്‍കാത്തത് മൂലം പ്ലാന്‍റുകള്‍ പ്രവര്‍ത്തിപ്പിക്കാനാകുന്നില്ല. നെറ്റ് മീറ്റര്‍ ക്ഷാമത്തിന്‍റെ പേരില്‍ ഉപഭോക്താക്കളെ കൊണ്ട് കെഎസ്ഇബി സ്വന്തം നിലയ്ക്ക് മീറ്റര്‍ വാങ്ങിപ്പിക്കുമ്പോള്‍ ലാഭം കൊയ്യുകയാണ് സ്വകാര്യ സ്ഥാപനങ്ങള്‍. മീറ്റര്‍ ലഭിക്കാന്‍ മാസങ്ങളെടുക്കുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.
കുത്തനെ കൂടിയ കറണ്ട് ബില്ലില്‍ നിന്നൊരു ആശ്വാസം പ്രതീക്ഷിച്ചാണ് വായ്പ എടുത്തും അല്ലാതെയും ലക്ഷങ്ങള്‍ ചെലവഴിച്ച് മിക്കവരും സോളര്‍ പാനലുകള്‍ വയ്ക്കുന്നത്. വച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു കാത്തിരിപ്പാണ്. കെഎസ്ഇബിയുടെ നെറ്റ് മീറ്ററിനായി കാത്തിരിക്കുന്ന ഒന്നേകാല്‍ ലക്ഷം അപേക്ഷകരാണ്. രണ്ടര ലക്ഷം രൂപ ചെലവഴിച്ച് സോളര്‍ സ്ഥാപിച്ച വട്ടിയൂര്‍ക്കാവില്‍ താമസിക്കുന്ന വിശാഖ് സുരേഷ് കാത്തിരിപ്പ് തുടങ്ങിയിട്ട് ഒന്നരമാസമായി.
സോളര്‍ പാനലുകള്‍ വയ്ക്കുന്നതിന് കേന്ദ്രം നല്‍കുന്ന 78000 രൂപവരെയുള്ള സബ്സിസി അടുത്തവര്‍ഷം മാര്‍ച്ചില്‍ അവസാനിക്കുമെന്ന അറിയിപ്പിന് അനുസരിച്ച് മുന്‍കരുതല്‍ എടുത്തില്ലെന്നും ഉപഭോക്താക്കള്‍ തന്നെ പറയുന്നു. ഒരു കാര്യത്തില്‍ ആശ്വാസമുണ്ട്. മീറ്റര്‍ നല്‍കുന്നില്ലെങ്കിലും സ്വന്തംനിലയ്ക്ക് സ്വകാര്യ മീറ്റര്‍ വാങ്ങാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ മറക്കാതെ ഉപദേശിക്കുന്നുണ്ട്.