കെഎസ്ഇബി സ്‌മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന്‍റെ രണ്ടാം ഘട്ടം വൈകുന്നതിൽ വൈദ്യുതി ബോർഡിനെ വിമർശിച്ച് റെഗുലേറ്ററി കമ്മിഷൻ. ഈവർഷം സ്‌മാർട് മീറ്റർ സ്ഥാപിക്കാൻ കഴിയില്ലെന്ന കെഎസ്ഇബിയുടെ വിശദീകരണത്തിലാണ് വിമർശനം. ഇത് ശരിയായ സിസ്റ്റമല്ലെന്നും പ്രഫഷനൽ സമീപനം വേണമെന്നും കമ്മിഷൻ.

സ്വന്തമായി വേണ്ടത്ര വൈദ്യുതി ഉൽപാദിപ്പിക്കാനാവുന്നില്ല. അങ്ങനെയെങ്കിൽ കൂടിയ നിരക്കിൽ വാങ്ങി വിതരണം ചെയ്യുന്ന വൈദ്യുതിയുടെ ഉപയോഗ കണക്കെങ്കിലും കൃത്യമാക്കാൻ കെഎസ്ഇബിക്ക് ഉത്തരവാദിത്തമില്ലേ എന്നതാണ് റെഗുലേറ്ററി കമ്മിഷൻന്‍റെ വിമർശനത്തിന് ആധാരം. സർക്കാർ ഓഫീസുകളിലും ഹൈടെൻഷൻ, ലോ ടെൻഷൻ വ്യവസായ സ്ഥാപനങ്ങളിലുമായി ഒന്നാം ഘട്ടത്തില്‍ ഒരു കോടി എഴുപത്തി രണ്ട് ലക്ഷം സ്മാര്‍ട് മീറ്ററുകളാണ് സ്ഥാപിച്ചത്. രണ്ടാം ഘട്ടത്തില്‍ അൻപത് ലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. സോളർ പദ്ധതി ഉടമകള്‍, പ്രതിമാസം നൂറ്റി അൻപത് യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപഭോഗമുള്ളവര്‍ എന്നിവര്‍ക്കായി 35 ലക്ഷവും പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കായി 15 ലക്ഷം സ്മാര്‍ട്ട് മീറ്ററും എന്നിങ്ങനെയാണ് കണക്ക്. 

ഈമാസം പതിനെട്ടിന് കെഎസ്ഇബിയുടെ പെര്‍ഫോമന്‍സ് റിവ്യു പെറ്റീഷന്‍ സംബന്ധിച്ച സിറ്റിങിലാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ സ്മാര്‍ട്ട് മീറ്ററിന്‍റെ വിവരം തേടിയത്. മീറ്ററുകള്‍ സ്ഥാപിക്കാന്‍ അഞ്ച് മാസം കൂടി വേണമെന്നായിരുന്നു കെഎസ്ഇബിയുടെ വിശദീകരണം.  മെല്ലെപ്പോക്കാണെന്നും ഈ രീതി നല്ല സിസ്റ്റത്തിന്‍റെ ഭാഗമല്ലെന്നും കമ്മിഷൻ വിമര്‍ശിച്ചു. സെപ്റ്റംബര്‍ ആദ്യവാരം ഫിനാന്‍ഷ്യല്‍ ബിഡ് തുറക്കുമെന്നാണ് കെഎസ്ഇബിയുടെ  മറുപടി. അദാനി പവേഴ്സ് ഉള്‍പ്പെടെ പതിനൊന്ന് കമ്പനികൾ ടെന്‍ഡറില്‍ പങ്കെടുത്തിട്ടുണ്ട്. തെരഞ്ഞെടുക്കുന്ന കമ്പനിക്ക്  സെപ്റ്റംബറില്‍ അനുമതി നൽകിയാലും അടുത്ത വര്‍ഷം മാർച്ച് കഴിയും സ്മാര്‍ട്ട് മീറ്റുകള്‍ കിട്ടിത്തുടങ്ങാനെന്നാണ് കെഎസ്ഇബിയുടെ വാദം. മാനദണ്ഡം പാലിച്ച് മാത്രമേ കരാറിൽ ഏർപ്പെടാൻ കഴിയൂ എന്നാണ് കെ.എസ്.ഇ.ബി ചെയർമാന്‍റെ വിശദീകരണം.

ENGLISH SUMMARY:

KSEB smart meter installation phase two is delayed, drawing criticism from the electricity regulatory commission. The commission expressed disappointment with KSEB's explanation that smart meters cannot be installed this year, stating it's not a proper system and a professional approach is needed.