കെ.മുരളീധരന്‍, കെ.ജയകുമാര്‍

  • യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ എട്ട് തവണയാണ് ബോര്‍ഡിന്‍റെ തീരുമാനങ്ങളില്‍ വിയോജിച്ചും തിരുത്തല്‍ നിര്‍ദേശിച്ചും മന്ത്രി കത്ത് നല്‍കിയത്.

ദേവസ്വം മന്ത്രിയുടെ തുടർച്ചയായ വിമർശനത്തിന് പിന്നാലെ രാജി സന്നദ്ധ അറിയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. മന്ത്രിയുടെ ഓഫിസിന്റെ ഇടപെടൽ ദൈനംദിന പ്രവർത്തനങ്ങളെ പോലും ബാധിക്കുന്ന നിലയിലേക്ക് എത്തിയതിനാൽ തുടരുക ശ്രമകരമെന്നാണ് ഭരണസമിതി അംഗങ്ങളെ അറിയിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ എട്ട് തവണയാണ് ബോര്‍ഡിന്‍റെ തീരുമാനങ്ങളില്‍ വിയോജിച്ചും തിരുത്തല്‍ നിര്‍ദേശിച്ചും മന്ത്രി കത്ത് നല്‍കിയത്. 

 

പന്തിയില്‍ രണ്ട് തരം വിളമ്പ് വേണ്ടെന്ന് മന്ത്രി നിരന്തരം ഓര്‍മിപ്പിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ലക്ഷ്യമിട്ടാണ്. മറ്റ് ബോര്‍ഡുകളെപ്പോലെ സര്‍ക്കാരുമായി സഹകരിക്കണം. സര്‍ക്കാരും ബോര്‍ഡും ഒരു പന്തിയിലിരുന്ന് ഒരേമട്ടില്‍ തീരുമാനങ്ങളെടുക്കണമെന്ന മുന്നറിയിപ്പ്. അങ്ങനെയെങ്കില്‍ ആ പന്തിയില്‍ തുടരുന്നത് അത്ര പന്തിയല്ലെന്ന് മനസിലാക്കിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അംഗങ്ങളെ രാജിസന്നദ്ധത അറിയിച്ചത്. മന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള ഇടപെടല്‍ ബോര്‍ഡിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും ബാധിക്കുന്നുവെന്നാണ് ആക്ഷേപം. 

 

ഒരുമാസം മുന്‍പ് ബോര്‍ഡിന്‍റെ പ്രവര്‍ത്തനത്തില്‍ തൃപ്തി അറിയിച്ച മന്ത്രിക്കുണ്ടായ മാറ്റത്തിലാണ് ബോര്‍ഡിന്‍റെ സംശയം. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ശബരിമല സ്വര്‍ണക്കൊള്ളയിലായിരുന്നു മന്ത്രിയുടെ ആദ്യ വിമര്‍ശനം. അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് പറഞ്ഞ മന്ത്രി കോണ്‍ഗ്രസ് നേതാവിന്‍റെ പരാതിയില്‍ ബോര്‍ഡ് അംഗത്തിന്‍റെ ഇടപെടലും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ.ടിക്ക് കത്ത് നല്‍കി. മന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ ബോര്‍ഡ് അംഗം വിട്ടുനില്‍ക്കുന്ന സ്ഥിതിവരെയെത്തി. ജീവനക്കാരുടെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നിര്‍ദേശങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി അംഗീകരിച്ചില്ല.

 

യൂണിയന്‍റെ സമ്മര്‍ദമുണ്ടായിട്ടും അര്‍ഹരായാവരെയും കളങ്കിതരല്ലാത്തവരെയും മാത്രം നിയമിച്ച് നിലപാട് കടുപ്പിച്ചു. ശബരിമലയിലേക്ക് മില്‍മയുടേതെന്ന പേരില്‍ വ്യാജ നെയ്യ് എത്തിയതില്‍ നാല് കത്തുകളാണ് മന്ത്രി ദേവസ്വം ബോര്‍ഡിന് അയച്ചത്. സന്നിധാന പരിസരത്ത് സിനിമാ ചിത്രീകരണ അനുമതി വിഷയത്തിലും ഭിന്നത പരസ്യമാക്കി. ശബരിമലയിലെ തിരുവോണസദ്യ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടുത്ത അതൃപ്തി അറിയിച്ചായിരുന്നു കത്ത്. ടെന്‍ഡര്‍ നടപടികള്‍ വൈകുന്നതിലും‍ വിമര്‍ശിച്ചെങ്കിലും കുറ്റമറ്റ രീതിയിലാണ് നടപടി പൂര്‍ത്തീകരിച്ചതെന്നായിരുന്നു ‍ബോര്‍ഡ് പ്രസിഡന്‍റിന്‍റെ നിലപാട്. ശബരിമല തീര്‍ഥാടന മുന്നൊരുക്കം അന്തിമമാക്കേണ്ട സാഹചര്യത്തില്‍ മന്ത്രിയും ബോര്‍ഡും തമ്മിലുള്ള കലഹം നീളുന്നത് സര്‍ക്കാരിനും പ്രതിസന്ധിയുണ്ടാക്കും.

ENGLISH SUMMARY:

Travancore Devaswom Board President K. Jayakumar has expressed his willingness to resign amid growing differences with the Devaswom Minister. Disputes have emerged over board decisions, employee appointments and transfers, Sabarimala gold theft allegations, counterfeit ghee, film shooting permissions, the Thiruvonam feast controversy and tender procedures.