കണ്ണൂർ ധർമശാലയിൽ വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയെ മർദിച്ചെന്ന് പരാതി. ധര്‍മശാല സ്വദേശി സൗരവിനെതിരെയാണ് യുവതിയുടെയും പ്രതിശ്രുത വരന്‍റെയും ആരോപണം. ആക്രമണത്തിനിടെ ശരീരത്തില്‍ കടിച്ച് പരിക്കേല്‍പ്പിച്ചെന്നും യുവതിയുടെ വസ്ത്രം വലിച്ചുകീറിയെന്നുമാണ് പരാതി. അതേസമയം, സൗരവിന്‍റെ പരാതിയില്‍ പ്രതിശ്രുത വരനെതിരെയും കേസെടുത്തിട്ടുണ്ട്

കഴിഞ്ഞ ശനിയാഴ്ചയാണ്  ആക്രമണം നടക്കുന്നത്. പ്രതിശ്രുത വരനെയും യുവതിയെയും സൗരവിന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചെന്നാണ് ആരോപണം. മുമ്പ് യുവതിയുടെ വിവാഹം സൗരവുമായി നിശ്ചയിച്ചിരുന്നു. ഇതില്‍ നിന്ന് യുവതി പിന്മാറിയതോടെ സൗരവ് അപവാദ പ്രചാരണം നടത്തിയത് ചോദ്യം ചെയ്തിരുന്നു എന്നാണ് പരാതി. ഇതിനെ കുറിച്ച് സംസാരിക്കാനാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.

പരുക്കേറ്റ യുവതി കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്. പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.  സംഭവത്തില്‍ പ്രതിശ്രുത വരനും യുവതിക്കുമെതിരെ തളിപ്പറമ്പ് പൊലീസ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചുവെന്നാണ് സൗരവിന്‍റെ പരാതി. പേനാ കത്തികൊണ്ട് ആക്രമിച്ചെന്നും അമ്മയെയും സഹോദരിയെയും മര്‍ദിച്ചുവെന്നും ആരോപിച്ചുള്ള പരാതിയെ തുടര്‍ന്നാണ് കേസ്.

ENGLISH SUMMARY:

Kannur Dharmashala news reports a woman was allegedly assaulted after withdrawing from a marriage. The incident involves a complaint against a man named Sourav by the woman and her fiancé.