മെസ്സിയുടെ പേരില്‍ നടന്ന തട്ടിപ്പില്‍ സര്‍ക്കാര്‍ – സ്പോണ്‍സര്‍ ഡീല്‍ സംശയിക്കുന്ന കണ്ടെത്തലുകളുമായി കായിക വകുപ്പ് സെക്രട്ടറിയുടെ രണ്ടാമത്തെ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സര്‍ക്കാരിന് നേട്ടമുണ്ടാകാത്ത തരത്തില്‍ വരുമാനം കുറച്ച് ചെലവ് പെരുപ്പിച്ച് കാട്ടിയുള്ള പദ്ധതിയിലൂടെ കൊള്ളലാഭമാണ് സ്പോണ്‍സര്‍ ലക്ഷ്യമിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ തട്ടിപ്പ് അന്വേഷിക്കുന്ന SIT സംഘം കായിക വകുപ്പ് സെക്രട്ടറിയുടെ ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
മെസ്സിയേയും അര്‍ജന്‍റീന ടീമിനെയും കേരളത്തിലെക്കാമെന്നുള്ള തട്ടിപ്പില്‍ സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കൊള്ളലാഭമുണ്ടാക്കുന്ന വഴിയാണ് സര്‍ക്കാര്‍ ഒരുക്കിയതെന്നാണ് രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. കരാര്‍ നല്‍കിയത് മുതല്‍ പദ്ധതി നിര്‍ദേശം തയ്യാറാക്കിയതില്‍ ഉള്‍പ്പടെ വന്‍ തിരിമറിയാണ് നടന്നിരിക്കുന്നത്. വരുമാനമായി 82 കോടി രൂപ ലഭിക്കുമെന്ന് പറയുന്ന പദ്ധതിക്ക് 210 കോടിയാണ് ചിലവായി കാണിച്ചിരിക്കുന്നത്. സര്‍ക്കാരിന് ഒരു പൈസ പോലും ഗുണമില്ലാത്ത പദ്ധതിയില്‍ 128 കോടി ബജറ്റ് ഗ്രാൻറിലൂടെ കണ്ടെത്തണമെന്ന ശുപാര്‍ശയും പദ്ധതിയില്‍ നല്‍കിയിരുന്നു. ഇതെല്ലാം സ്പോണ്‍സര്‍ക്ക് കൊള്ള ലാഭമുണ്ടാക്കാനാണെന്ന് നിഗമനത്തിലേക്കാണ് കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്.
വരുമാനം കണക്കാക്കിയതും യാഥാര്‍ഥ്യം മറച്ചുവെച്ചാണ്. ടിക്കറ്റ് , സംപ്രേക്ഷണം എന്നിവ മാത്രം വരുമായി കാണിച്ചത് വലിയ ലാഭം അടിച്ചുമാറ്റനുള്ള സ്പോണ്‍സറുടെ നീക്കത്തിന്‍റെ ഭാഗമായിരുന്നു എന്നാണ് വിലയിരുത്തല്‍. സ്പോണ്‍സര്‍ഷിപ്പ് വരുമാനവും മറച്ചുവെച്ചാണ് പദ്ധതി തയ്യാറാക്കിയത്. കായിക വകുപ്പ് സെക്രട്ടറിയുടെ കണ്ടത്തലിന്‍റെ പൂര്‍ണമായ വിവരങ്ങള്‍ എസ് ഐ ടി സംഘം ശേഖരിച്ചു. സെക്രട്ടറിയേറ്റിലെ കായിക വകുപ്പ് സെക്രട്ടറിയുടെ ഓഫീസിലെത്തിയാണ് വിവരങ്ങള്‍ തേടിയത്. പ്രാഥമിക പരിശോധനക്ക് ശേഷം മൊഴിയെടുക്കേണ്ടവരുടെ പട്ടിക എസ്ഐടി തയ്യാറാക്കും