മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിന്‍റെ പേരിലെ തട്ടിപ്പിൽ ഫെമ കേസ് എടുത്ത് എൻഫോഴ്മെന്‍റ് ഡയറക്ട്രേറ്റ്. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട നടപടിയിലാണ് കേസ്. പണം കൈമാറിയതിൽ വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചു എന്ന പ്രാഥമിക നിഗമനത്തിലാണ് നടപടി.  

മെസ്സിയെയും അർജന്‍റീന ടീമിനെയും കേരളത്തിലേക്ക് എത്തിക്കുമെന്ന വാഗ്ദാനത്തിന്‍റെ പേരിൽ നടന്ന തട്ടിപ്പിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി വിദേശത്തേക്ക് കോടികൾ അയച്ചതായി വിവരങ്ങൾ വന്നിരുന്നു. ഇതിന് പിന്നാലെ പണം അയച്ചതിന്‍റെ രേഖകൾ, സ്പോൺസർ അവകാശപ്പെടുന്ന എഗ്രിമെന്‍റ് വിവരങ്ങൾ തുടങ്ങിയവ ഇഡി ശേഖരിച്ചു. വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഫെമ കേസ് റജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണത്തിലേക്ക് കടന്നത്. 

പണമിടപാടുകളുടെ ഉറവിടം, ഗുണഭോക്താക്കൾ, ഇടപാടുകളുടെ സ്വഭാവം എന്നിവ ഇഡി പരിശോധിക്കും. വിദേശത്തേക്ക് പണം കൈമാറിയതിന്‍റെ നിയമസാധുതയിൽ വിശദമായ പരിശോധന നടക്കുകയാണ്. അതേസമയം, ഇതേ 126 കോടി രൂപയുടെ വിദേശ കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന ജിഎസ്ടി വകുപ്പും സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇഡിയുടെയും ജിഎസ്ടി വകുപ്പിന്‍റെയും അന്വേഷണങ്ങൾ മുന്നോട്ടുപോകുന്നതോടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കും.

ENGLISH SUMMARY:

Enforcement Directorate has registered a FEMA case concerning a scam involving promises of bringing Lionel Messi to Kerala. This action is related to the remittance of funds abroad, with preliminary findings indicating a violation of foreign exchange regulations.