തൃശൂര്‍ കയ്പമംഗലത്ത് കാര്‍ ചരക്കുലോറിക്ക് പിന്നിലിടിച്ചുണ്ടായ വന്‍ അപകടത്തില്‍ എട്ടുമരണം. തമിഴ്നാട് ഡിണ്ടിഗലില്‍നിന്നെത്തിയ ഏഴ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളും ഡ്രൈവറുമാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നേമുക്കാലോടെയായിരുന്നു അപകടം.
കയ്പമംഗലം പനമ്പിക്കുന്ന് സെന്ററില്‍ നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേര്‍ഷന്‍ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിലേക്കാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാര്‍ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
കാര്‍ വെട്ടിപ്പൊളിച്ച് എട്ടുപേരെയും പുറത്തെടുത്തെങ്കിലും എല്ലാവരും അപകടസ്ഥലത്തുതന്നെ മരിച്ചു. അപകടത്തില്‍പ്പെട്ടവര്‍ ഡിണ്ടിഗല്‍ പി.എസ്.എന്‍.എ എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാര്‍ഥികളാണ്. കാറില്‍നിന്ന് ഒരു വിദ്യാര്‍ഥിയുടെ ഐ.ഡി. കാര്‍ഡ് ലഭിച്ചു. ഇതില്‍നിന്നാണ് മരിച്ചവരെക്കുറിച്ച് പ്രാഥമിക വിവരം ലഭിച്ചത്. ഡിണ്ടിഗല്‍ സ്വദേശികളായ സൂര്യ, യുവസഞ്ജിത്, മധുര സ്വദേശികളായ പ്രസന്ന, സന്തോഷ്, സേലം സ്വദേശി വിശ്വ എന്നിവരെ തിരിച്ചറിഞ്ഞു. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.