ശബരിമല സ്വർണകൊള്ള കേസിൽ റിമാന്‍ഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പക്ഷാഘാതം വന്നതിനെ തുടർന്ന് പ്രശാന്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രശാന്തിനെ രണ്ടാഴ്ചമുന്‍പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രശാന്തിനൊപ്പം അറസ്റ്റിലായ മുൻ ബോർഡ് അംഗം എ. അജികുമാറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചാണ് അജികുമാറിനും ജാമ്യം ലഭിച്ചത്. ജൂലൈ 23നാണ് ഇരുവരെയും എസ്ഐടി അറസ്റ്റ് ചെയ്തത്. Also Read: മദ്യപിച്ച് ലക്കുകെട്ട് ഋഷഭ് പന്ത്; ഹുക്ക വലിച്ചുവരാമെന്ന് ധോണി; വൈറലായി പാര്‍ട്ടി വിഡിയോ
ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി അപഹരിച്ച കേസിലാണ് പ്രശാന്തും അജികുമാറും അറസ്റ്റിലായത്. പ്രശാന്ത് 17–ാം പ്രതിയാണ്. അജികമാര്‍ 18–ാം പ്രതിയും. ഹൈക്കോടതി അനുമതിയില്ലാതെ ദ്വാരപാലക പാളികൾ സ്വർണം പൂശുന്നതിനു പുറത്തേക്കു കൊണ്ടു പോയതിൽ പ്രതികൾക്കു പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നു കഴിഞ്ഞ മാസം 23– നാണ് പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 2019ൽ ദ്വാരപാലക ശിൽപത്തിൽ നിന്നു സ്വർണം അപഹരിച്ചത് മറച്ചു വയ്ക്കുന്നതിന്, സ്വർണം പൂശാനെന്ന വ്യാജേനയാണ് സ്വർണപ്പാളി പുറത്തേക്കു കൊണ്ടുപോകാൻ പി.എസ്.പ്രശാന്ത് പ്രസിഡന്റ് ആയിരുന്ന ദേവസ്വം ബോർഡ് അനുമതി നൽകിയെന്നാണ് കേസ്.
സ്വർണക്കൊള്ള കേസിനു പുറമേ ശബരിമലയിലേക്കു നെയ് വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്ന കേസിലും പി.എസ്.പ്രശാന്ത് പ്രതിയാണ്. ഈ കേസിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അരവണ നിർമാണത്തിനുള്ള നെയ് വിതരണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത തമിഴ്നാട്ടിലെ സ്ഥാപനത്തെ ഒഴിവാക്കി ഉയർന്ന വിലയ്ക്ക് മിൽമയ്ക്ക് കരാർ നൽകിയതിലൂടെ 2.27 കോടി രൂപ ദേവസ്വം ബോർഡിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.