സസ്പെൻഷനിലായിട്ടും പഴ്സനൽ സ്റ്റാഫായ പോലീസുകാരെ മടക്കി അയയ്ക്കാത്ത എഡിജിപി എം.ആർ. അജിത്കുമാറിനെ നോവിക്കാതെ ആഭ്യന്തര വകുപ്പ്. ആറ് പോലീസുകാരെ വരെ കൂടെ നിർത്താൻ അനുവദിക്കും. സസ്പെൻഷനിൽ ആണെങ്കിലും ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഗൺമാനെയും പഴ്‌സനൽ അസിസ്റ്റന്റുമാരെയും കൂടെ നിർത്താം എന്നാണ് പോലീസിന്റെ വിശദീകരണം. അതേസമയം അനുവദിച്ചതിൽ കൂടുതൽ പോലീസുകാരെ കൂടെ നിർത്തിയിട്ടുണ്ടെന്ന ആക്ഷേപം പരിശോധിക്കാന്‍ പൊലീസ് ആസ്ഥാനത്തെ ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് ഡിജിപി നിർദ്ദേശം നല്‍കി. ഡ്രൈവറും ഗണ്‍മാനുമടക്കം 14 പൊലീസുകാരെയാണ് അജിത്കുമാര്‍ ഇപ്പോഴും ഒപ്പം നിര്‍ത്തിയിരിക്കുന്നത്. Also Read: സസ്പെന്‍ഷനിലും അജിത്കുമാറിന് 14 പേരുടെ അകമ്പടി
സസ്പെന്‍ഷനിലുള്ള അജിത്കുമാറിന് മാതൃക പൊലീസ് സ്റ്റേഷന്‍ മേല്‍നോട്ടച്ചുമതല നല്‍കിയതും വിവാദമായിരുന്നു. വര്‍ക്കല പൊലീസ് സ്റ്റേഷന്‍ മാതൃകാ സ്റ്റേഷനാക്കി മേല്‍നോട്ടച്ചുമതലയാണ് ഡിജിപി കഴിഞ്ഞ ദിവസം നല്‍കിയത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ഗുരുതരമായ കണ്ടെത്തലിനെ തുടര്‍ന്ന് നടപടി നേരിടുന്ന ഉദ്യോഗസ്ഥന് ഈ ചുമതല നല്‍കിയതിന്‍റെ സാംഗത്യമെന്തെന്ന് വകുപ്പില്‍ ചര്‍ച്ച ഉയര്‍ന്നിട്ടുണ്ട്.