ajithkumar

സസ്പെൻഷനിലായിട്ടും പൊലീസ് സുരക്ഷയും അകമ്പടിയും വിട്ടുകൊടുക്കാതെ എഡിജിപി എം.ആർ.അജിത്കുമാർ. ഡ്രൈവറും ഗൺമാനുമടക്കം 14 പൊലീസുകാരെയാണ് ഇപ്പോഴും കൂടെ നിർത്തിയിരിക്കുന്നത്. ഹാജർ നഷ്ടമായി ശമ്പളം മുടങ്ങുമോയെന്ന ആശങ്കയിലാണ് കൂടെയുള്ള പൊലീസുകാർ.

രക്ഷാപ്രവർത്തന മർദന കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നു കണ്ടെത്തി എം.ആർ.അജിത്കുമാർ സസ്പെൻഷനിലായിട്ട് ഒന്നരമാസമായി. പക്ഷെ, ഇപ്പോഴും അദ്ദേഹം കൊണ്ടുനടക്കുന്നത് 14 പൊലീസുകാരെയാണ്. ഡ്രൈവറും ഗൺമാനും പഴ്സനൽ അസിസ്റ്റന്റുമെല്ലാമുണ്ട്. സസ്പെൻഷനിലായാൽ പിന്നെ പ്രത്യേകിച്ച് ഔദ്യോഗിക ജോലിയൊന്നുമില്ല.

അതിനാൽ ജോലിയുടെ ആവശ്യത്തിന് നൽകിയിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ തിരിച്ചയക്കണമെന്നാണ് ചട്ടം. പക്ഷെ, അജിത്കുമാർ ആ നിയമവും ചട്ടവും കാറ്റിൽപ്പറത്തി. എഡിജിപിക്ക് ഔദ്യോഗികമായി നാല് പൊലീസുകാരെ മാത്രം പഴ്സനൽ സ്റ്റാഫായി വയ്ക്കാമെന്നിരിക്കെയാണ് 14 പേരെ അജിത്കുമാർ കൂടെ നിർത്തിയിരിക്കുന്നത്.

ഇതോടെ വെട്ടിലായിരിക്കുന്നത് ഈ പൊലീസുകാരാണ്. സസ്പെൻഷനിലായ ഉദ്യോഗസ്ഥന്റെ കൂടെ നിൽക്കൽ ഔദ്യോഗിക ജോലിയായി കണക്കാക്കില്ല. അതിനാൽ അവരുടെ ഹാജരും ശമ്പളവും മുടങ്ങുന്ന അവസ്ഥയാണ്. പൊലീസുകാരെ തിരിച്ചയക്കാനുള്ള ഉത്തരവാദിത്തം അജിത്കുമാർ കാണിക്കുന്നില്ലെന്നു മാത്രമല്ല, തിരിച്ചുവിളിക്കാനുള്ള ധൈര്യം ആഭ്യന്തരവകുപ്പും ഇതുവരെ കാണിച്ചിട്ടില്ല.

ENGLISH SUMMARY:

Suspended ADGP M.R. Ajith Kumar continues to retain a 14-member police security detail despite being under official suspension for over a month and a half. While an official at his rank is only entitled to four personal staff members, he has kept a full team including drivers, gunners, and personal assistants. This failure to surrender his official security detail has put the assigned police personnel in a severe dilemma over their attendance and salary status. Furthermore, the Home Department has faced criticism for failing to initiate steps to recall the deployed personnel back to active duty.