ലൈഫ് ഭവന പദ്ധതിയിൽനിന്ന് പണം തട്ടിയെന്ന പരാതിയിൽ വനിതാ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ പൊലീസ് കസ്റ്റഡിയിൽ. പത്തനംതിട്ട തണ്ണിത്തോട് വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ റാണി ലക്ഷ്മിയെയാണ് കസ്റ്റഡിയിലെടുത്തത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഗുണഭോക്താക്കളാക്കി പണം തട്ടിയെന്നാണ് പരാതി.
ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് പണം ലഭിക്കുന്നില്ലെന്ന പരാതിയിലാണ് സംശയം ആരംഭിക്കുന്നത്. പരിശോധനയിൽ പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥയായ തണ്ണിത്തോട് വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ റാണി ലക്ഷ്മി തിരിമറി നടത്തിയെന്ന് ബോധ്യമായതോടെയാണ് പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകിയത്.
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്ക് പകരം വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ട് വിവരങ്ങൾ നൽകിയാണ് തട്ടിപ്പ് നടത്തിയത്. അമ്മയുടെയും ഭർത്താവിന്റെയും സുഹൃത്തുക്കളുടെയും വിവരങ്ങൾ റാണി ലക്ഷ്മി ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
പ്രാഥമിക അന്വേഷണത്തിനു ശേഷം തണ്ണിത്തോട് പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ റാണി ലക്ഷ്മിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇവരുടെ വീട്ടിൽ പരിശോധന നടത്തിയ ശേഷം കോന്നി സിഐയുടെ നേതൃത്വത്തിൽ റാണി ലക്ഷ്മിയെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് റാണി ലക്ഷ്മി തണ്ണിത്തോട് വിഇഒയായി ചുമതലയേൽക്കുന്നത്.
മുൻപ് ജോലി ചെയ്തിരുന്ന സീതത്തോട് പഞ്ചായത്തിലും സമാന തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകളിൽ റാണി ലക്ഷ്മി ചുമതലയേറ്റതു മുതലുള്ള മുഴുവൻ ഇടപാടുകളും പരിശോധിക്കുന്നുണ്ട്.