കോഴിക്കോട് ചേവായൂരിൽ കാറിന് തീപിടിച്ച് യാത്രക്കാരൻ വെന്തുമരിച്ചതിൽ ദുരൂഹത. കത്തിയമർന്ന കാറിന് സമീപത്തുനിന്ന് പെട്രോൾ കൊണ്ടുവന്നതെന്നു കരുതുന്ന കന്നാസ് കണ്ടെത്തി. കാറിന്റെ ഉൾവശം പൂർണമായി കത്തിയമർന്നതും ദുരൂഹത വർധിപ്പിക്കുന്നു. ആത്മഹത്യയാണെന്ന പ്രാഥമിക വിലയിരുത്തലിൽ പൊലീസ് അന്വേഷണം തുടങ്ങി.
ചേവായൂർ മഠത്തിൽമുക്ക് വ്യവസായ എസ്റ്റേറ്റിന് സമീപം പുലർച്ചെ 4.10-നാണ് സംഭവം. ഇറക്കം ഇറങ്ങിവരുന്നതിനിടെ പെട്ടെന്ന് കാറിന് തീപിടിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി തീ കെടുത്തിയപ്പോഴാണ് കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ ഡ്രൈവറെ കണ്ടത്. സമീപവാസിയും റിയൽ എസ്റ്റേറ്റ്-വാഹന ഇടപാടുകാരനുമായ സുധാകരനാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.
സിസിടിവി ദൃശ്യങ്ങളിൽ ഇറക്കം ഇറങ്ങുന്ന കാർ അൽപനേരം നിർത്തുന്നതും മുന്നോട്ടെടുത്തതിനു പിന്നാലെ തീഗോളം ഉയരുന്നതും വ്യക്തമാണ്. അപകടസ്ഥലത്തുനിന്ന് 20 മീറ്റർ മാറി പെട്രോൾ കൊണ്ടുവന്നതെന്നു കരുതുന്ന കന്നാസും പൊലീസ് കണ്ടെടുത്തു.