സിപിഎം–സിപിഐ തർക്കം പരിഹരിക്കാൻ പ്രതിപക്ഷ ഉപനേതാവ് പദവി ഒഴിവാക്കിയേക്കും. ഉപനേതാവ് പദവി സിപിഎം ഏറ്റെടുക്കില്ലെന്ന് സിപിഐ നേതൃത്വത്തെ അറിയിക്കാൻ ധാരണയായി എന്നാണ് വിവരം. പദവി കിട്ടിയില്ലെങ്കിൽ കടുത്ത നിലപാടിലേക്ക് സിപിഐ നീങ്ങുമെന്ന് മനസ്സിലാക്കിയാണ് സമവായത്തിന് പുതിയ ഫോർമുല സിപിഎം തയാറാക്കിയത്. എൽഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒന്നും സിപിഐ ചെയ്യില്ലെന്ന് ബിനോയ് വിശ്വവും വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലി ഇടതുമുന്നണിയിൽ വിള്ളലുണ്ടാകാതിരിക്കാനുള്ള ഫോർമുലയിലേക്കാണ് സിപിഎം എത്തുന്നത്. ഭരണഘടനാപരമായി ഇല്ലാത്ത കേവല ആലങ്കാരിക പദവിയായ പ്രതിപക്ഷ ഉപനേതാവ് പദവി ആർക്കും വേണ്ടാ എന്ന് വയ്ക്കാനാണ് ആലോചന. ഇതോടെ പദവി കിട്ടിയില്ലെന്ന സിപിഐയുടെ പരിഭവം ശമിപ്പിക്കാനാവുമെന്ന് സിപിഎം കരുതുന്നു.
ഇത്തരത്തിലൊരു സാധ്യത തേടാൻ സിപിഎം സെക്രട്ടറിയേറ്റ് അംഗങ്ങൾക്കിടയിൽ ധാരണയായിട്ടുണ്ട്. ഇക്കാര്യം സിപിഐയെ അറിയിച്ചേക്കും. തങ്ങളെ മറികടന്ന് സിപിഎം പദവി എടുക്കുന്നില്ലെങ്കിൽ തർക്കത്തിൽനിന്ന് സിപിഐയും പിന്മാറിയേക്കും. എൽഡിഎഫിൽനിന്ന് പിരിയില്ലെന്ന ബിനോയ് വിശ്വത്തിന്റെ പ്രതികരണം സമവായ സാധ്യത തെളിയുന്നതിന്റെ സൂചനയാണ്.
വി.എസ്.അച്യുതാനന്ദൻ പ്രതിപക്ഷനേതാവായിരിക്കെ കോടിയേരി ബാലകൃഷ്ണന് നൽകിയ പ്രതിപക്ഷ ഉപനേതാവ് പദവി ഇത്തവണ വേണമെന്നായിരുന്നു സിപിഐയുടെ ആവശ്യം. എല്ലാ പദവികളും സിപിഎം കയ്യിൽ വയ്ക്കേണ്ടതില്ലെന്നും മുന്നണിയിൽ എല്ലാവർക്കും പ്രാതിനിധ്യം വേണമെന്നുമായിരുന്നു സിപിഐ നിലപാട്. പദവി ആർക്കും വേണ്ടാ എന്ന് വയ്ക്കുന്നതോടെ സിപിഎം ഉപനേതാവായി കെ.എൻ.ബാലഗോപാൽ സഭയിലുണ്ടാകും. സിപിഐ കക്ഷിനേതാവായി കെ.രാജനും തുടരും.