കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിയോട് മോശമായി പെരുമാറിയ കാഷ്വല്‍റ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രേഖാ കൃഷ്ണയ്‌ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ. കൊല്ലം ജില്ലാ മെഡിക്കൽ ഓഫിസർ ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.
ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും, ആരോഗ്യ വകുപ്പിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയ ഡോ. രേഖാ കൃഷ്ണയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് കാഷ്വല്‍റ്റി ഇല്ലാത്ത മറ്റേതെങ്കിലും ആശുപത്രിയിലേക്ക് അടിയന്തരമായി സ്ഥലം മാറ്റണമെന്നും ഡി.എം.ഒ റിപ്പോർട്ടിൽ പ്രധാനമായും നിർദ്ദേശിക്കുന്നു.
കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നേരിട്ടെത്തി സമഗ്രമായ പരിശോധന നടത്തിയിരുന്നു. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച വിജിലൻസ് സംഘം, ആശുപത്രി സൂപ്രണ്ട്, ഡോ. രേഖാ കൃഷ്ണ, മറ്റ് ജീവനക്കാർ എന്നിവരുടെ മൊഴികളും വിശദമായി രേഖപ്പെടുത്തി.
മുൻപും സമാന രീതിയിൽ രോഗികളോട് ധാർഷ്ട്യത്തോടെ പെരുമാറിയതിന് ഡോക്ടർക്ക് ആശുപത്രി സൂപ്രണ്ട് മുന്നറിയിപ്പ് നൽകിയിരുന്നതായി ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. വീണ്ടും ഇത് ആവർത്തിച്ച പശ്ചാത്തലത്തിൽ ഡോക്ടർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആശുപത്രി സൂപ്രണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
രോഗികളോട് മോശമായി പെരുമാറുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. വിജിലൻസ് കണ്ടെത്തലുകളുടെയും ഡി.എം.ഒ നൽകിയ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ഡോ. രേഖാ കൃഷ്ണയ്‌ക്കെതിരെ വരുന്ന ദിവസങ്ങളിൽ കടുത്ത അച്ചടക്ക നടപടിയ്ക്ക് സാധ്യത.