ചേന്തിയിലെ ചതയം പരിപാടിയില്‍ താന്‍ പങ്കെടുക്കാതിരുന്നത് പൊലീസ് റിപ്പോര്‍ട്ട് പ്രകാരമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. തന്നെ ആരും തടഞ്ഞിട്ടില്ലെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലര്‍ ഉദ്ഘാടന വേദിയില്‍ ഉണ്ടാകുമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടയാളാണ് ചേന്തി അനിലെന്നും എങ്ങനെ ഡിസിസി അംഗമായെന്ന് അറിയില്ലെന്നും വി.ഡി.സതീശന്‍ വിശദീകരിച്ചു.
ചെമ്പഴന്തിയിലേക്ക് പോകും വഴിയാണ് ചേന്തിയില്‍ വച്ച് മുന്‍ ഡിസിസി അംഗമായിരുന്ന അനിലിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. കാറില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രിയും പ്രവര്‍ത്തകരുമായി വാക്കേറ്റവും ഉണ്ടായിരുന്നു. കയ്യേറ്റത്തിന് ശ്രമിച്ചതിന് പിന്നാലെ ചേന്തി അനിലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഡിസിസിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
അതേസമയം, മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിട്ടില്ലെന്ന് ചേന്തിയില്‍ സംഭവ സമയത്തുണ്ടായിരുന്ന മുന്‍ എംപി പീതാംബരക്കുറുപ്പും മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു. ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശ പ്രകാരമാകും മുഖ്യമന്ത്രി അന്നേ ദിവസം പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. ചേന്തി അനില്‍ ചെറുപ്പക്കാരനായ പൊതുപ്രവര്‍ത്തകനാണെന്നും അദ്ദേഹത്തിനെതിരായ കേസ് വേണ്ടെന്ന് വയ്ക്കാന്‍ ശേഷിയുള്ള ആളാണ് മുഖ്യമന്ത്രിയെന്നും പീതാംബരക്കുറിപ്പ് പ്രതികരിച്ചിരുന്നു.