മാപ്പിളപ്പാട്ടുകളും ചലച്ചിത്ര ഗാനങ്ങളുമടക്കം മൂവായിരത്തിലധികം ഈണങ്ങൾ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കർ (അവുക്കാക്ക - 80) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അരീക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് (സെപ്റ്റംബർ 1) ഉച്ചയ്ക്ക് 1.30-ന് കോഴിക്കോട് മാത്തോട്ടം കബർസ്ഥാൻ പള്ളിയിൽ നടക്കും.

സംഗീത സംവിധാന രംഗത്ത് സജീവമായ അദ്ദേഹം മാപ്പിളപ്പാട്ട് ശാഖയ്ക്ക് നിസ്തുലമായ സംഭാവനകളും നൽകി. 'കരയാനും പറയാനും ആരുമില്ല...' എന്ന പ്രശസ്ത ഗാനമടക്കം മലയാളികൾ നെഞ്ചിലേറ്റിയ നിരവധി ഗാനങ്ങൾ അദ്ദേഹത്തിന്റെ ഈണത്തിൽ പിറന്നവയാണ്. മൂവായിരത്തോളം പാട്ടുകൾക്ക് ഈണമിട്ടിട്ടുണ്ട്.

എം.എസ്. ബാബുരാജ്, ജി. ദേവരാജൻ മാസ്റ്റർ, ബോംബെ രവി തുടങ്ങിയ പ്രഗത്ഭരായ സംഗീത സംവിധായകർക്കൊപ്പം തബലിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ, സുജാത, അഫ്സൽ തുടങ്ങി മലയാളത്തിലെ മുൻനിര ഗായകരും അദ്ദേഹത്തിന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്. സിനിമാനടനായ മാമുക്കോയ സഹപാഠിയായിരുന്നു

അദ്ദേഹത്തിന്റെ വേർപാടിൽ സാംസ്കാരിക- സംഗീത ലോകത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഭാര്യ: കെ.വി. സുബൈദ. മക്കൾ: ഗുലാം അലി, പരേതനായ ഫയാസ്, റോഷ്‌നി, ഫെമിന, സജിന. മരുമക്കൾ: സലാം, അസീസ്, അസീസ് കാഞ്ഞങ്ങാട്, സൗദാബി, അഫ്‌സീന.

ENGLISH SUMMARY:

Veteran music composer Kozhikode Aboobacker, widely known as Avukkakka, passed away at the age of 80 while undergoing treatment for a stroke at his residence in Arekkal. He has left an indelible mark on the Malayalam music industry and Mappilappattu genre by composing over 3,000 enduring melodies, including the iconic song 'Karayanum Parayanum Arumilla'. Throughout his illustrious career, he collaborated as a tablist with legendary music directors like M.S. Baburaj and worked with premier playback singers including K.J. Yesudas and K.S. Chithra. His funeral will be held today at 1:30 PM at the Mathottam Khabasthan Masjid in Kozhikode, drawing condolences from leading figures across the cultural and musical spectrum.