bribery-kottayam

'സാറെ പിടിച്ചുനിൽക്കാൻ പറ്റുന്നില്ല. ഇയാൾക്കും കൂടെയുള്ളവര്‍ക്കും പണം കൊടുത്തില്ലെങ്കിൽ എങ്ങനെയെങ്കിലും ഞങ്ങളെ കുടുക്കും. അങ്ങനെ വന്നാല്‍ ആത്മഹത്യയല്ലാതെ ഞങ്ങള്‍ക്ക് മുന്നില്‍ മറ്റ് മാർഗമുണ്ടാവില്ല. ഞാൻ വിളിച്ചത് സർ ആരോട് പറയരുതെന്ന് കൂടി ഓർമപ്പെടുത്തി വിളിച്ചയാൾ ഫോൺ കട്ടാക്കി. തിരിച്ച് വിളിച്ചെങ്കിലും ഫോണെടുത്തില്ല. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ധൈര്യമായി പറയൂ എന്ന് മറുപടി സന്ദേശം. ഒടുവിൽ വാട്സാപ്പിലേക്ക് വിശദമായൊരു സങ്കട ഹർജിയെത്തി. എക്സൈസ് കമ്മിഷണർ സാംബശിവ റാവുവിന്‍റെ മൊബൈലിലേക്ക് എത്തിയ സന്ദേശത്തിൽ നിന്നാണ് ഓപ്പറേഷൻ ബിജാപുറിന്‍റെ തുടക്കം.

പരാതി പരിഹരിക്കേണ്ടയാള്‍ പ്രതിസ്ഥാനത്താവുമ്പോള്‍. വേലി തന്നെ വിളവ് തിന്നുന്ന അനുഭവം   

കോട്ടയം എക്സൈസ് ഡപ്യുട്ടി കമ്മിഷണർ എസ്.അശോക് കുമാറിനെതിരെയാണ് എക്സൈസ് മേധാവിയുടെ  മൊബൈലിലേക്ക് കോട്ടയത്തെ ബാറുടമകളുടെ പ്രതിനിധി തെളിവും സൂചനകളും നിരത്തി സങ്കടഹര്‍ജി നല്‍കിയത്. പരാതി പരിഹരിക്കേണ്ടയാള്‍ പ്രതിയാവുമ്പോള്‍ കരുതലോടെ നീങ്ങണമെന്ന ബോധ്യത്തിലായിരുന്നു എക്സൈസ് കമ്മിഷണര്‍. സാംബശിവ റാവു ചുമതലയേറ്റതിന് പിന്നാലെ അശോക് കുമാറിനെതിരെ ചില പരാതികള്‍ ലഭിച്ചിരുന്നെങ്കിലും തെളിവുകള്‍ സഹിതം ഇത്രയും കൃത്യതയോടെ ആദ്യമായാണ് വിവരം ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് പരാതി പിന്തുടര്‍ന്ന് നേരിട്ട് പരിശോധിക്കാന്‍ എക്സൈസ് കമ്മിഷണര്‍ തീരുമാനിച്ചത്. 

ആരെയും അറിയിക്കാതെ കോട്ടയത്തേക്കുള്ള യാത്ര

‌കൊല്ലം വരെ പോയി വരാമെന്നായിരുന്നു തിരുവോണപ്പിറ്റേന്ന് ഡ്രൈവറോടും ഗണ്‍മാനോടും എക്സൈസ് കമ്മിഷണര്‍ സാംബശിവ റാവു പറഞ്ഞത്. വണ്ടി കൊല്ലത്തേക്ക് പുറപ്പെട്ടു. കൊല്ലത്ത് പേരിനൊരു പരിശോധന പൂർത്തിയാക്കിയതിന് ശേഷം വണ്ടി നേരെ കോട്ടയത്തേക്ക്. എക്സൈസ് കമ്മിഷണർ കോട്ടയത്ത് എത്തിയ വിവരം രഹസ്യമായി സൂക്ഷിച്ചു. ഔദ്യോഗിക ഇടങ്ങളിലൊന്നും താമസിക്കാതെ സ്വകാര്യ ഹോട്ടലില്‍ തങ്ങിയായിരുന്നു വിവരശേഖരണം. വിവരം നല്‍കിയ ബാറുടമയോട് താമസ സ്ഥലത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടു. ഫോണിലൂടെ നല്‍കിയ സൂചനകളും തെളിവുകളും സംബന്ധിച്ച് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അശോക് കുമാറിന് പണവും, പാരിതോഷികങ്ങളും, വസ്ത്രം ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും നല്‍കിയതിന്‍റെ കൃത്യമായ തെളിവ് എക്സൈസ് കമ്മിഷണര്‍ ശേഖരിച്ചു. ബാറുകളില്‍ നേരിട്ടെത്തി ഡപ്യുട്ടി കമ്മിഷണര്‍ മാസപ്പടി വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ. അങ്ങനെ വേലി തന്നെ വിളവ് തിന്നുകയാണെന്ന് എക്സൈസ് കമ്മിഷണർ ഉറപ്പിച്ചു. പിന്നാലെ സമാനമായ പരാതിയുള്ള മറ്റ് ബാര്‍ ഉടമകളില്‍ നിന്നും വിവരം ശേഖരിച്ചു. കൃത്യമായ തെളിവുകളോടെ സമഗ്രമായ രേഖയാക്കി. 

ഓണാവധി ഒഴിവാക്കി എക്സൈസ് വിജിലന്‍സ് എസ്.പി കോട്ടയത്ത് എത്തി 

‍ഡി.സിക്കെതിരായ തെളിവുകള്‍ ശേഖരിച്ചതിന് പിന്നാലെ കൃത്യമായി പൂട്ടുന്നതിനുള്ള കണ്ണികള്‍ തയാറാക്കി. ആദ്യഘട്ടമായി ഓണാവധിയിലായിരുന്ന എക്സൈ് വിജിലന്‍സ് എസ്.പി ബി.കൃഷ്ണകുമാറിനെ എക്സൈസ് കമ്മിഷണര്‍ കോട്ടയത്തേക്ക് വിളിച്ചുവരുത്തി. പിന്നീടുള്ള തെളിവ് ശേഖരണം വിജിലന്‍സ് എസ്.പിയുടെ സാന്നിധ്യത്തിലായിരുന്നു. ബാറുടമകള്‍ പതിവുപോലെ വാട്സ്ആപ്പ് കോളിലൂടെ അശോക് കുമാറിനെ വിളിച്ചു. ഓണക്കാലത്ത് കിട്ടാന്‍ പോകുന്ന മാസപ്പടിയുടെ തീവ്രത പോലെ മൂന്നാം വിളിയില്‍ ഉദ്യോഗസ്ഥന്‍ ഫോണെടുത്തു. സൗഹൃദഭാവേന സംസാരം തുടങ്ങി. ഓണമല്ലേ ആഘോഷത്തിന് ചെലവേറുമെന്നും ഈമാസം കുറച്ച് കനപ്പെട്ട രീതിയില്‍ തന്നെ സഹായം കിട്ടണമെന്നും അശോക് കുമാറിന്‍റെ ആവശ്യം. ജീവനക്കാരുടെ ബോണസ് ഉള്‍പ്പെടെ നല്‍കേണ്ടതിനാല്‍ നല്ല ടൈറ്റാണെന്നും എങ്കിലും സാറിനെ സഹായിക്കാതിരിക്കാനാവില്ലല്ലോ എന്ന് ബാറുടമകള്‍. ഒടുവില്‍ പതിവ് പോലെ പണം കൈമാറേണ്ട ഉദ്യോഗസ്ഥന്‍റെ പേരുള്‍പ്പെടെ ഓര്‍മപ്പെടുത്തി ബാറുടമയും കോട്ടയം എക്സൈസ് ഡപ്യുട്ടി കമ്മിഷണറുമായുള്ള സംഭാഷണം അവസാനിപ്പിച്ചു. ചൂണ്ടക്കുരുക്ക് പോലെ സംഭാഷണത്തിന്‍റെ കൃത്യമായ ഓഡിയോ ഉള്‍പ്പെടെ എക്സൈസ് കമ്മിഷണറുടെ സാന്നിധ്യത്തില്‍ വിജിലന്‍സ് സംഘം രേഖപ്പെടുത്തി. സാമ്പത്തിക ഇടപാട് ഏറെ നാളുകളായുള്ള തുടര്‍ച്ചയെന്ന് ഉറപ്പിച്ചു. 

ഡി.സിയെ കാണാന്‍ എക്സൈസ് കമ്മിഷണര്‍ നേരിട്ട് വീട്ടിലേക്ക് 

എക്സൈസ് കമ്മിഷണറും വിജിലന്‍സ് എസ്.പിയും നേരിട്ട് അശോക് കുമാറിന്‍റെ ചങ്ങനാശ്ശേരിയിലെ വീട്ടിലേക്ക്. താങ്കളോടൊരു കാര്യം അന്വേഷിക്കാനുണ്ടെന്ന് പറഞ്ഞ് തുടക്കം. പിന്നീട് അതിവേഗം തെളിവുകള്‍ നിരത്തിയുള്ള വിവരശേഖരണം. താങ്കള്‍ മാസപ്പടി വാങ്ങുന്നതായും ബാറുടമകള്‍ക്ക് വഴിവിട്ട് സഹായം ചെയ്യുന്നതായും ചില പരാതികള്‍ കിട്ടിയിട്ടുണ്ടല്ലോ എന്ന എക്സൈസ് കമ്മിഷണറുടെ ചോദ്യത്തിന് അസൂയാലുക്കളും ശത്രുക്കളും പലതും പറയുമെന്നും താന്‍ സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനെന്നും മറുപടി. അങ്ങനെയല്ലല്ലോ കാര്യങ്ങളെന്ന് എക്സൈസ് കമ്മിഷണറുടെ മറുചോദ്യം. എന്‍റെ കൈയില്‍  കയ്യിൽ എല്ലാ തെളിവുകളും ഉണ്ട് താങ്കൾക്ക് പറയാനുള്ളത് പറയാമെന്ന് സാംബശിവ റാവു. 

പിടിവീഴുമെന്ന് ഉറപ്പിച്ചതോടെ കുറ്റസമ്മതം

തെളിവുകള്‍ കിട്ടിയെന്ന് എക്സൈസ് കമ്മിഷണര്‍ ഉറപ്പിച്ചതിന് പിന്നാലെ തനിക്ക് ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും അശോക് കുമാറിന്‍റെ കുറ്റസമ്മതം. ബാറുടമകള്‍ നല്‍കിയ വിവരം. എക്സൈസ് കമ്മിഷണര്‍ അശോക് കുമാറിന് മുന്നില്‍ നിരത്തിയതിന്‍റെ വിവരങ്ങള്‍.  

  • ജില്ലാ ഉദ്യോഗസ്ഥന്‍ മുതല്‍ എക്സൈസ് ബീറ്റ് ഓഫിസര്‍ വരെ മാസപ്പടി വാങ്ങുന്നതിന്‍റെ രേഖകള്‍ ( സന്തോഷപ്പണം )
  • എക്സൈസ് ആഘോഷങ്ങൾക്കുള്ള ചെലവ് ( എക്സൈസ് ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫിസുകളിലും ചെറുതും വലുതുമായ ആഘോഷങ്ങളുടെ ചെലവ് തുക പൂര്‍ണമായും വഹിക്കുന്നത് ബാറുടമകള്‍ ) 
  • വിശേഷ നാളുകളിൽ വസ്ത്രവും വിലകൂടിയ മദ്യവും അവശ്യസാധനങ്ങളും സമ്മാനം
  • സഹായം ബന്ധുക്കളിലേക്ക് വരെ നീണ്ടതിന് ബാങ്ക് ഇടപാടുകളുടെ തെളിവ് 
  • എതിർക്കാൻ നിൽക്കുന്നവരുടെ ബാറുകളിലേക്ക് നിരന്തര പരിശോധന നടപടിയെന്ന് മുന്നറിയിപ്പ് 
  • ഈ പ്രതിസന്ധി മറികടക്കാൻ പല ബാറുടമകളും പിന്നീട് എക്സൈസ് ഡപ്യുട്ടി കമ്മിഷണർക്ക് വഴങ്ങുന്ന സാഹചര്യം
  • സാർ വാങ്ങുന്നു പിന്നെ ഞങ്ങളെന്തിന് വാങ്ങാതിരിക്കണമെന്ന ചിന്തയിൽ കീഴുദ്യോഗസ്ഥരും പതിവായി കൈമടക്ക് വാങ്ങുന്നത് സര്‍വീസിന്‍റെ ഭാഗമാക്കി 
  • ചിലർ സന്തോഷ സൂചകമായി വാങ്ങുന്നതിന്‍റെ വിഹിതം എക്സൈസ് ഡപ്യുട്ടി കമ്മിഷണർക്ക് സന്തോഷപ്പണമായി നൽകുന്നു
  • ചിലർ  ഡപ്യുട്ടി കമ്മിഷണര്‍ക്ക് നല്‍കാനെന്ന പേരില്‍ സ്വന്തം ആവശ്യത്തിനുള്ള പണം പിരിക്കുന്നു , അങ്ങനെ കുശാലായി കാര്യങ്ങൾ നീങ്ങുന്നതിന്‍റെ സകലമാന തെളിവുകളാണ് എക്സൈസ് കമ്മിഷണര്‍ ഡി.സിയുടെ മുന്നിലേക്ക് നിരത്തിയത് 

സന്തോഷപ്പണം നല്‍കിയാല്‍ നേരത്തെ തുറക്കാം, വൈകി അടയ്ക്കാം 

സന്തോഷപ്പണം മുടക്കമില്ലാതെ അടച്ച് ഉദ്യോഗസ്ഥരെ സന്തോഷിപ്പിച്ചാല്‍ ബാറുകള്‍ അനുവദിച്ചിരിക്കുന്ന സമയത്തിന് മുന്‍പായി തുറക്കാം. പ്രവര്‍ത്തിപ്പിക്കാം. രാത്രിയില്‍ നിശ്ചയിച്ചിട്ടുള്ള സമയം കഴിഞ്ഞും യാതൊരു തടസവുമില്ലാതെ പ്രവര്‍ത്തിപ്പിക്കാം. ഒരുതരത്തിലുമുള്ള പരിശോധനയുണ്ടാവില്ലെന്ന് ഉറപ്പ് നല്‍കിയിരിക്കുന്നത് മറ്റാരുമല്ല. പരിശോധനയ്ക്ക് നേതൃത്വം നല്‍കേണ്ട എക്സൈസ് ഡപ്യുട്ടി കമ്മിഷണര്‍ തന്നെയാണ്. ഈ മട്ടിൽ നിരന്തരം നേരത്തെ തുറക്കുകയും താമസിച്ചടക്കുകയും ചെയ്യുന്ന രീതി ബാർ ഉടമകൾ പലരും തുടർന്നുകൊണ്ടേയിരുന്നു എക്സൈസ് ഡപ്യുട്ടി കമ്മീഷണറായിരുന്നു ആ ധൈര്യത്തിന് പിന്നിൽ. 

മണർകാട് ബാര്‍ പൂട്ടുന്നതിനിടയാക്കിയ ടെസ്റ്റ് ഡോസിലും പഠിച്ചില്ല

കോട്ടയം മണർകാടില്‍ പതിവായി നേരത്തെ തുറന്ന് വൈകി അടയ്ക്കുന്ന ബാറിനെക്കുറിച്ചുള്ള വിവരം കിട്ടിയതും എക്സൈസ് കമ്മിഷണര്‍ക്കായിരുന്നു. എക്സൈസ് വിജിലന്‍സ് ലഭിച്ച നിര്‍ദേശപ്രകാരം നേരത്തെ തുറന്ന ബാറിന് സമീപം പുലര്‍ച്ചെ എക്സൈസ് സംഘമെത്തി. കാത്തുനിൽക്കുന്നതിനിടയില്‍ രാവിലെ 8:00 മണിക്ക് മുൻപായി ബാർ തുറന്നു. യാതൊരു തടസവുമില്ലാതെ മദ്യം വിൽക്കുന്നു. എക്സൈസ് വിജിലന്‍സ് ഉദ്യോഗസ്ഥർ ഉപഭോക്താക്കളായി മാറി ബാറില്‍ നിന്നും മദ്യം വാങ്ങിയാണ് തെളിവ് ശേഖരിച്ചത്. പിന്നീടുള്ള പരിശോധനയിൽ പിൻവാതിലൂടെയാണ് മദ്യ വില്‍പനയെന്ന് മനസിലായി. അവിടെയും ബാറുടമയ്ക്ക് ധൈര്യം നല്‍കിയത് എക്സൈസ് ഡപ്യുട്ടി കമ്മിഷണറായിരുന്നു. പാമ്പാടി എക്സൈസ് ഇൻസ്പെക്ടറോട് ആ പരിസരത്തേക്ക് അബദ്ധത്തില്‍ പോലും വന്നു പോകരുതെന്നായിരുന്നു ഡി.സി നല്‍കിയിരുന്ന നിർദേശം. വിജിലൻസ് പിടികൂടി നടപടിക്രമം പൂര്‍ത്തിയാക്കുമ്പോഴും പാമ്പാടി എക്സൈസ് റെയ്ഞ്ച് ഓഫിസർ മൗനത്തിലായിരുന്നു. 

എക്സൈസ് മന്ത്രിയുടെ മുന്നറിയിപ്പും അവഗണിച്ചു

ചില ബാറുകൾ നേരത്തെ തുറക്കുകയും താമസിച്ച് അടയ്ക്കുകയും ചെയ്യുന്നു. ഇതിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ബാറുടമകളുടെ‍ പാരിതോഷികം സ്വീകരിക്കുന്നുവെന്ന ഗുരുതരമായ ആക്ഷേപം എക്സൈസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിൽ മന്ത്രി എം.ലിജു അറിയിച്ചിരുന്നതാണ് ഏതെങ്കിലും ഒരു ജില്ലയുടെയോ, ഉദ്യോഗസ്ഥരുടെയോ പേരെടുത്ത് പറഞ്ഞായിരുന്നില്ല വിമർശനം. ആക്ഷേപത്തെക്കുറിച്ച് വ്യത്യസ്ത തലങ്ങളില്‍ ചര്‍ച്ചയുണ്ടായെങ്കിലും ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചതേയില്ല. തുടര്‍ന്നാണ് മണര്‍കാട്ടെ ബാറിന്‍റെ അനധികൃത പ്രവര്‍ത്തനത്തെക്കുറിച്ച് എക്സൈസ് കമ്മിഷണര്‍ക്ക് നേരിട്ട് പരാതി ലഭിക്കുന്നത്. വിജിലന്‍സിന് കൈമാറിയ അന്വേഷണ നിര്‍ദേശം ശരിയാണെന്ന് തെളിയുകയും ലൈസന്‍സിക്കെതിരെ കേസെടുത്ത് ബാര്‍ പൂട്ടുന്ന സാഹചര്യത്തിലേക്ക് വരെയെത്തി. 

സസ്പെൻഷൻ ഉത്തരവിന് 24 മണിക്കൂര്‍ മാത്രം  

കോട്ടയം എക്സൈസ് ഡെപ്യുട്ടി കമ്മിഷണറുടെ മാസപ്പടി സ്വീകരിക്കല്‍ കൈയോടെ പിടികൂടിയതിന് പിന്നാലെ ഇരുപത്തി നാല് മണിക്കൂറിനുള്ളിലാണ് സസ്പെന്‍ഷനില്‍ തീരുമാനമെടുത്തത്. മറ്റ് ഇടപെടലുകള്‍ ഒഴിവാക്കാന്‍ എക്സൈസ് കമ്മിഷണര്‍ നേരിട്ട് എക്സൈസ് മന്ത്രിയോട് കാര്യത്തിന്‍റെ ഗൗരവം അറിയിച്ചു. പിന്നാലെ തുടര്‍നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. അങ്ങനെയാണ് കൈക്കൂലി വാങ്ങിയതിന്‍റെ തെളിവുകള്‍ നിരത്തിയുള്ള സ്ഥിരീകരണ ദിവസം തന്നെ എക്സൈസ് ഡപ്യുട്ടി കമ്മിഷണര്‍ക്കെതിരായ അച്ചടക്ക നടപടിയും വന്നത്. കൂട്ടത്തില്‍ ആറ് ഉദ്യോഗസ്ഥരും നടപടിക്ക് വിധേയരായി. 

കോട്ടയം കൊണ്ട് തീരില്ല 

ഓപ്പറേഷൻ ബിജാപുർ അടുത്ത് ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ചെന്നാണ് വിവരം. ഗുരുതര ക്രമക്കേട് കാണിക്കുന്ന ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ എക്സൈസ് മേധാവിക്ക് ലഭിച്ചിട്ടുണ്ട്. കോട്ടയം ഡി.സിയെ പൂട്ടിയ പോലെ കൂടുതല്‍ തെളിവുകൾ ശേഖരിച്ച് തുടർനടപടികളിലേക്ക് നീങ്ങാനാണ് നീക്കം. കൈമടക്ക് വാങ്ങുന്നവരെ കരുതലോടെ നേരിടാനാണ് ധാരണ. ശുദ്ധികലശം വരുന്നതില്‍ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുണ്ടെങ്കിലും നല്ല കാര്യമെന്ന് വാദിക്കുന്നവരുമുണ്ട്. 

ഓപ്പറേഷന്‍ ബിജാപുര്‍ ദൗത്യം

അഴിമതി ഇടപാടാണെന്ന് ഉറപ്പുണ്ടായിട്ടും രഹസ്യമായി ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്നതും ഇടപാട് നടത്തുന്നതും പിടികൂടുകയാണ് ഓപ്പറേഷന്‍ ബിജാപുര്‍ ദൗത്യം. മറ്റ് സംസ്ഥാനങ്ങളില്‍ പലയിടത്തും എക്സൈസ് ഉദ്യോഗസ്ഥരുടെ കൈമടക്ക് പിടികൂടിയതിന് സമാനമായ ഇടപാടുകള്‍ ഈ ദൗത്യത്തിലൂടെ തെളിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് തന്നെ കൂടുതല്‍ ഇടങ്ങളിലേക്ക് ഈ ദൗത്യം വ്യാപിപ്പിക്കുമെന്നും എക്സൈസ് കമ്മിഷണര്‍ പറയുന്നു. പതിവ് രീതികള്‍ക്ക് മാറ്റം വരണം. നാട് അഴിമതി മുക്തമാകണം. നിയമവിധേയമായി സകലരും പ്രവര്‍ത്തിക്കണം. ലക്ഷ്യത്തിലേക്ക് അടുക്കാന്‍ നേരിയ പ്രയാസമുണ്ടെങ്കിലും ബിജാപുര്‍ ദൗത്യത്തിന്‍റെ വേര് കേരളത്തിന്‍റെ കാലാവസ്ഥയില്‍ എത്ര താഴുമെന്നും എങ്ങനെ പിഴുതെടുക്കാന്‍ കഴിയുമെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

 

 

 

 

 

 

 

ENGLISH SUMMARY:

Operation Bijapur, an anti-corruption drive, has exposed significant wrongdoing within the Kerala Excise department. The initiative, sparked by a distressed bar owner's complaint, led to the arrest and suspension of a Deputy Commissioner for accepting bribes and providing undue favors.