നാലുവര്‍ഷം മുന്‍പാണ് കേശവദാസപുരം സ്വദേശിനിയായ ആന്‍മേരി മാത്യു ഭര്‍ത്താവ് ജേക്കബിനൊപ്പം കലിഫോര്‍ണിയയിലേക്ക് മാറിയത്. ബെംഗലൂരുവില്‍ നിന്ന് കലിഫോര്‍ണിയയിലേക്ക് മാറുമ്പോള്‍ ആനിന്‍റെ മനസ്സിലെ ആഗ്രഹം ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപികയാകണമെന്നായിരുന്നു. ആഗ്രഹിക്കുന്ന ജോലി നേടി ജീവിതം കലിഫോര്‍ണിയയില്‍ കരുപ്പിടിപ്പിക്കാന്‍ തുടങ്ങിയത് ചെറിയ ഒരു ഫ്ലാറ്റിലാണ്. ഒപ്പം താമസിച്ചിരുന്ന മലയാളി സുഹൃത്തുക്കളെ ആന്‍ എപ്പോഴും ചേര്‍ത്തുപിടിച്ചിരിന്നു. അനിലയുമായുമായും കൊല്ലപ്പെട്ട അഞ്ജനയുമായും ആന്‍ സൗഹൃദത്തിലാകുന്നതും അങ്ങനെയാണ്. ആ സൗഹൃദം തന്നെ ആനിന് വിനയായി എന്ന ഞെട്ടലിലാണ് ആനിന്‍റെ ജന്മനാട്.
ആനിന്‍റെ അമ്മ മരിച്ചത് വാഹനാപകടത്തില്‍, എട്ടുവര്‍ഷത്തിനിപ്പുറം ആനും
ബാങ്ക് ഉദ്യോഗസ്ഥരായിരുന്ന ജിജി മാത്യുവിന്‍റെയും ബെസി ടി.മാത്യുവിന്‍റെയും രണ്ട് പെണ്‍മക്കളില്‍ മൂത്തയാളാണ് ആന്‍മേരി മാത്യു. സന്തുഷ്ടമായ കുടുംബജീവിതം ആദ്യം ഉലഞ്ഞത് എട്ടുവര്‍ഷം മുന്‍പാണ്. ബെസി, ഭര്‍ത്താവ് ജിജിക്കൊപ്പം ജോലിസ്ഥലത്തേക്ക് സ്കൂട്ടറിലേക്ക് പോകുമ്പോള്‍ മരണമെത്തിയത് ബസപകടത്തിന്‍റെ രൂപത്തിലായിരുന്നു. പിഎംജിക്കു താഴെ സിഗ്നൽ ലഭിച്ചു മുന്നോട്ട് എടുത്ത ബൈക്കിന് പിന്നില്‍ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഇടിച്ച് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ബസിന്‍റെ ചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയാണ് ബെസി മരിച്ചത്.
കണ്‍മുന്നില്‍ പ്രിയപത്നി ജീവന്‍ വെടിയുന്നത് നോക്കിനിക്കേണ്ടിവന്ന ജിജി ഇക്കാലമത്രയും ജീവിച്ചുപോന്നത് ആ ഹൃദയം നുറുങ്ങുന്ന വേദനയിലാണ്. രണ്ടുപെണ്‍മക്കളേയും ചിറകിന് താഴെ ചേര്‍ത്ത് പിടിച്ച് ജീവിതം മുന്നോട്ടുപോയി. വിവാഹവും ജോലിയുമായി രണ്ടുപേരും വിദേശത്തേക്ക് ചേക്കേറിയപ്പോള്‍ കേശവദാസപുരത്തെ വീട്ടില്‍ ഒറ്റയ്ക്കായി ജിജി. കാതങ്ങള്‍ക്കപ്പുറം നിന്ന് വീഡിയോ കോളിലൂടെ വിശേഷങ്ങള്‍ അറിഞ്ഞും പറഞ്ഞും ആന്‍ എപ്പോഴും അച്ഛന് കൂട്ടായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി ആ കളിചിരികളില്ലാതെ വീട് മൂകമാണ്. ആരോട് എന്തുപറയണമെന്നറിയാതെ പ്രിയ മകളുടെ വിയോഗം വിശ്വസിക്കാനാകാത്ത നിലയിലാണ് ജിജി.
പുതിയ വീട് വാങ്ങി, താമസം മാറാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കൊല
കലിഫോര്‍ണിയയില്‍ സ്ഥിരതാമസമാക്കാനും അതിനായി ഒരു വീട് വാങ്ങാനും ആന്‍ തീരുമാനിച്ചിരുന്നു. മാസങ്ങള്‍ പണം സ്വരൂക്കൂട്ടി വീടും വാങ്ങി വലിയ സന്തോഷത്തിലായിരുന്നു ആനും ഭര്ത്താവും. സാന്‍ ഹോസെയില്‍ കൂട്ടുകാരുമൊത്ത് താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് ഉടന്‍ മാറുമെന്ന് അച്ഛനെയും വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ പുതിയ താമസസ്ഥലത്തേക്ക് മാറാന്‍ തയ്യാറെടുക്കുമ്പോഴേക്കും പ്രിയപ്പെട്ട സുഹൃത്ത് ജീവനെടുത്തു. സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിവെച്ചാണ് ആനിന്‍റെ മടക്കം. കേശവദാസപുരം സ്വദേശിയായ ആന്‍മേരി മാത്യുവിനെ ഫ്ളാറ്റിലെ മുറിയില്‍ വെച്ചും തൃശ്ശൂര്‍ സ്വദേശിനി അഞ്ജനയെ ഫ്ലാറ്റിന് താഴേക്ക് വിളിച്ചുവരുത്തി കാറിടിപ്പിച്ചുമാണ് കോട്ടയം സ്വദേശിനി അനില കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട രണ്ടുപേരുടേയും പ്രതിയായ യുവതിയുടെയും കുടുംബം ഒരേ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്.