sanooja-somanath

Image Credit: Facebook

പൃഥ്വിരാജ് നായകനായെത്തിയ വൈശാഖ് ചിത്രം 'ഖലീഫ'യെ  തരംതാഴ്ത്തുന്ന കമന്‍റുകള്‍ക്കെതിരെ പ്രതികരിച്ച് നടി സനൂജ സോമനാഥ്. രണ്ടോ മൂന്നോ മണിക്കൂർ ദൈർഘ്യമുള്ള സിനിമയിലെ ഒന്നോ രണ്ടോ രംഗങ്ങളുടെ പേരിൽ മാത്രം ഒരു സിനിമയെ മനഃപൂർവം അപകീർത്തിപ്പെടുത്തുന്നത് ശരിയല്ലെന്ന് സനൂജ പറഞ്ഞു. സിനിമയിൽ താൻ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേരുമായി ബന്ധപ്പെട്ട് നടക്കുന്ന രാഷ്ട്രീയ ചർച്ചകളിലും നടി പ്രതികരിച്ചു.

താൻ അവതരിപ്പിച്ച കഥാപാത്രത്തിന് സിനിമയിൽ പേര് പറയുന്നില്ലെങ്കിലും അത് ആരെ ഉദ്ദേശിച്ചുള്ളതാണെന്ന് പ്രേക്ഷകർക്ക് മനസിലാകുന്നുണ്ടെന്നും സനൂജ പറഞ്ഞു. ആ ഒരു രംഗത്തിന്‍റെ പേരിലാണ് സിനിമയ്ക്ക് ഇത്രയധികം തരംതാഴ്ത്തിക്കാണിക്കൽ നേരിടേണ്ടിവരുന്നതെന്ന കമന്റുകൾ കാണുമ്പോൾ വിഷമം തോന്നുന്നുണ്ടെന്നും നടി വ്യക്തമാക്കി. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

കേരളത്തിലെ ഏറെ ചർച്ചയായ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കഥാപാത്രത്തെയാണ് സനൂജ 'ഖലീഫ'യിൽ അവതരിപ്പിച്ചത്. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി സാമ്യമുള്ള കഥാപാത്രമായിരുന്നു ഇത്. ചിത്രത്തിൽ കഥാപാത്രത്തിന്‍റെ പേര് നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും പ്രേക്ഷകർക്ക് കഥാപാത്രത്തെ തിരിച്ചറിയാൻ കഴിയുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

സനൂജ പങ്കുവച്ച കുറിപ്പ്

‘ഖലീഫ’ സിനിമയെക്കുറിച്ച് ഒരു ചെറിയ കാര്യം പറയണമെന്ന് തോന്നി. ഈ സിനിമയിൽ എനിക്ക് ഒരു ചെറിയ ഗസ്റ്റ് അപ്പിയറൻസ് ആയിരുന്നു. സിനിമയിൽ ആ കഥാപാത്രത്തിന് പ്രത്യേകിച്ച് ഒരു പേര് നൽകിയിട്ടില്ല. പക്ഷേ സ്ക്രിപ്റ്റിൽ ഒരു പേര് ഉണ്ടായിരുന്നു. അങ്ങനെ ഒരു പേര് സിനിമയിൽ വെളിപ്പെടുത്താതെ തന്നെ ഇരിക്കുന്നതിൽ ഒരു രസമുണ്ട് എന്ന് തോന്നുന്നു. പക്ഷേ സിനിമ കണ്ട പലരും ആ കഥാപാത്രം ആരാണെന്ന് അവരുടെ രീതിയിൽ മനസ്സിലാക്കിയിട്ടുമുണ്ട്. പേര് കൊടുത്തിട്ടില്ലെങ്കിലും, കഥാപാത്രത്തെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്. അതിനെക്കുറിച്ച് കൂടുതൽ പറയുന്നില്ല. പക്ഷേ ഞാൻ പറയാൻ വന്നത് മറ്റൊരു കാര്യമാണ്'.

'ഒന്നുരണ്ട് റീൽസുകളിൽ സിനിമയിലെ ക്ലിപ്പുകൾ വൈറൽ ആയതിനു ശേഷം ഒരുപാട് കമന്‍റുകള്‍  കണ്ടു അതിൽ 'വെറുതെയല്ല ഈ സിനിമയ്ക്ക് ഡീഗ്രേഡേഷൻ വരുന്നത്, ഈ ഒരു രംഗം കാരണമാണ് ഇത്രയും ഡീഗ്രേഡിങ്' എന്നൊക്കെയുള്ള കമന്റുകൾ. പാർട്ടിക്കാർ ചേരി തിരിഞ്ഞു ഡീഗ്രേഡിങ് ചെയ്യുകയാണ് എന്ന അർഥത്തിൽ, സത്യത്തിൽ അത് കണ്ടപ്പോൾ ചെറിയൊരു വിഷമം തോന്നി. നമ്മൾ ചെയ്യുന്ന സിനിമകൾ നല്ല രീതിയിൽ പോകണം, ആളുകൾ കാണണം, നല്ല റീച്ച് കിട്ടണം എന്നൊക്കെ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അതുപോലെ തന്നെ സിനിമയെക്കുറിച്ച് ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനും പൂർണ അവകാശമുണ്ട്. ഒരാൾക്ക് സിനിമ ഇഷ്ടപ്പെടാം, മറ്റൊരാൾക്ക് ഇഷ്ടപ്പെടാതിരിക്കാം. ഒരാളുടെ പ്രതീക്ഷകൾ തരണം ചെയ്തിരിക്കാം, മറ്റൊരാളുടേത് ചെയ്തിരിക്കില്ല. അതിൽ ഞാൻ തർക്കിക്കാൻ വരുന്നില്ല. ഓരോരുത്തരുടെയും ടേസ്റ്റും പ്രതീക്ഷയും സിനിമയെ കാണുന്ന രീതി അതെല്ലാം വ്യക്തിപരമാണ്'. 

'പക്ഷേ, രണ്ടോ മൂന്നോ മണിക്കൂർ ദൈർഘ്യമുള്ള ഒരു സിനിമയിൽ വരുന്ന ഒന്നോ രണ്ടോ സീനുകളുടെ പേരിൽ മാത്രം ഒരു സിനിമയെ മനഃപൂർവം ഡീഗ്രേഡ് ചെയ്യുന്നത് അത്ര നല്ലൊരു കാര്യമായി എനിക്ക് തോന്നുന്നില്ല. ഒരു ഘട്ടത്തിൽ, “ഇനി ഈ സീനൊക്കെ നീക്കം ചെയ്തിട്ട് 'എമ്പുരാന്‍റെ' കാര്യത്തിൽ ചെയ്തതുപോലെ എന്തെങ്കിലും ചെയ്യുമോ?” എന്ന് വരെ ഞാൻ ചിന്തിച്ചുപോയി.എന്തായാലും, ഖലീഫ ഒരു ആക്‌ഷൻ, സ്വാഗ് സിനിമയാണ് എന്ന കാര്യത്തിൽ എനിക്ക് തർക്കമില്ല. അതിന്റെ രീതിയിൽ സിനിമ കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെയാണ്. ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നത് ഓരോരുത്തരുടെയും അഭിപ്രായം. അതിനെ ഞാൻ ചോദ്യം ചെയ്യുന്നില്ല'.

'സിനിമയെ സിനിമയായി കാണുക എന്നൊരു അഭ്യർത്ഥന മാത്രമേയുള്ളൂ. സിനിമയിൽ രാഷ്ട്രീയം കലർന്നിട്ടുണ്ടെങ്കിൽ, അതിനെക്കുറിച്ച് പറയാനുള്ളത് ഉണ്ടെങ്കിൽ, അതും സിനിമയുടെ ഭാഗമായിത്തന്നെ ഉൾക്കൊണ്ട് കാണുക. ഇഷ്ടപ്പെടാം, വിമർശിക്കാം, അഭിപ്രായം പറയാം… പക്ഷേ കരുതിക്കൂട്ടിയുള്ള ഡീഗ്രേഡിങ് ഒഴിവാക്കാം. അത്രയേ പറയാനുള്ളൂ. ഖലീഫ എല്ലാവർക്കും നന്ദി. സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ എന്തുതന്നെയായാലും, അത് തുറന്ന് പറയാനുള്ള അവകാശം നിങ്ങൾക്കുണ്ട്' സനൂജ സോമനാഥ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ENGLISH SUMMARY:

Sanooja Somnath responds to negative comments about the movie 'Khalifa', directed by Vysakh and starring Prithviraj. She emphasizes that it's unfair to deliberately defame a film based on a few scenes from its runtime.