delhi-child-attack

Image Credit : Twitter

പ്ലേ സ്കൂളില്‍ മൂന്നുവയസുകാരനെ ക്രൂരമര്‍ദനത്തിന് ഇരയാക്കി അധ്യാപിക. കുട്ടിയെ കസേരയില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡൽഹിയിലെ സഫാറാബാദിലാണ് സംഭവം. അടിയേറ്റ് കുട്ടിയുടെ കര്‍ണപുടത്തിനും കണ്ണിനും സാരമായി പരുക്കേറ്റു. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍  പോക്സോ വകുപ്പുകൾ അടക്കം ചുമത്തി അധ്യാപികയ്ക്കും  സ്കൂള്‍ അധികൃതര്‍ക്കുമെതിരെല പൊലീസ് കേസെടുത്തു.

ഓഗസ്റ്റ് 18നാണ് കേസിനാസ്പദമായ സംഭവം. പ്ലേ സ്കൂളില്‍ നിന്നും വൈകിട്ട് വീട്ടിലെത്തിയ കുട്ടിയുടെ മുഖത്തും കണ്ണിന്‍റെ ഭാഗത്തും നീര് കണ്ടതോടെയാണ് മാതാപിതാക്കള്‍ ക്ക് സംശയം തോന്നിയത്. വൈകാതെ കുട്ടി ഛര്‍ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടി ക്രൂരമായ ആക്രമണം നേരിട്ടിരുന്നുവെന്ന് വ്യക്തമാവുന്നത്. കുട്ടിയുടെ രണ്ട് ചെവികളിലും നീര്‍ക്കെട്ടുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു.

സ്കൂളില്‍ നിന്നും അടിയേറ്റ വിവരം കുട്ടിയും മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് സ്കൂളിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട പിതാവ് നവനീതിന് ആദ്യം അത് നല്‍കാന്‍ സ്കൂള്‍ അധികൃതര്‍ തയാറായില്ല. സിസിടിവി തകരാറിലാണെന്നും ദൃശ്യങ്ങള്‍ എടുക്കാന്‍ സാധിക്കില്ലെന്നും അറിയിച്ചു. എന്നാല്‍ അഭിഭാഷകന്‍ കൂടിയായ നവനീത് തന്‍റെ ആവശ്യത്തില്‍ ഉറച്ചുനിന്നതോടെ 1500 അടച്ച് സിസിടിവി ദൃശ്യങ്ങള്‍ വാങ്ങിക്കോളാന്‍ സ്കൂള്‍ അധികൃതര്‍ സമ്മതിക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മൂന്നുവയസുകാരന്‍ നേരിട്ട കൊടുംക്രൂരത പുറത്തറിയുന്നത്. ഓഗസ്റ്റ് 16, 17, 18 ദിവസങ്ങളില്‍ കുട്ടി മർദനത്തിനിരയായെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. കസേരയില്‍ അനങ്ങാനാകാത്ത വിധം കെട്ടിയിട്ട ശേഷം മുഖത്ത് മാറിമാറി അടിക്കുകയും ചെവി പിടിച്ച് വലിക്കുകയും ചെയ്യുന്നതടക്കമുളള കാര്യങ്ങള്‍ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്. കസേരയിലിരുന്ന കുട്ടിയെ അധ്യാപിക കസേരയോടെ ചവിട്ടി ത്തെറിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്ലാസിൽ കുട്ടി അടങ്ങി ഇരിക്കാത്തതിനുളള ശിക്ഷയായിരുന്നു ഇതെന്നായിരുന്നു സ്കൂള്‍ അധികൃതരുടെ വാദം. കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ കേസെടുത്ത പൊലീസ് അധ്യാപിക, കുട്ടികളെ നോക്കുന്ന ആയ, പ്രിന്‍സിപ്പല്‍, പ്ലേ സ്കൂള്‍ ഉടമ എന്നിവര്‍ക്കെതിരെ കേസെടുത്തതായി അറിയിച്ചു. 

ENGLISH SUMMARY:

A three-year-old child was brutally assaulted by a teacher in a play school, with CCTV footage showing the incident. The child sustained severe injuries to their eardrums and eyes. A case has been registered against the teacher and school authorities under POCSO sections.