mammootty-adoor

Image Credit : Facebook

10 വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളസിനിമാരംഗത്ത് സജീവമാകാനൊരുങ്ങി പ്രശസ്ത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വെളളിത്തിരയിലേക്ക് വീണ്ടും തിരച്ചെത്തുന്ന സന്തോഷം അടൂര്‍ പങ്കുവച്ചത്. പദയാത്ര എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് മമ്മൂട്ടിയാണ്. 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അടൂര്‍ മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരു ചിത്രമിറങ്ങുന്നത്. അടൂരിനൊപ്പം ചെയ്ത മറ്റ് 3 ചിത്രങ്ങളില്‍ രണ്ട് ചിത്രങ്ങള്‍ക്ക് മികച്ച നടനുളള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അടൂരിനൊപ്പമുളള മമ്മൂട്ടിയുടെ നാലാമത്തെ ചിത്രമായ പദയാത്രയെ ഏറെ പ്രതീക്ഷയോടെയാകും മലയാളസിനിമ നോക്കിക്കാണുക.

'പിന്നെയും' (2016) എന്ന ചിത്രത്തിന് ശേഷം 10 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അടൂർ ഗോപാലകൃഷ്ണൻ 'പദയാത്ര'യിലൂടെ വെളളിത്തിരയിലേക്ക് തിരിച്ചെത്തുന്നത്. ക്യാമറയ്ക്ക് പിന്നിലേക്ക് തിരിച്ചെത്തുക എന്നത്, അത്രമേൽ ആഴത്തിലുള്ള ഒരു കഥ കണ്ടെത്തതിനെ മാത്രം ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് അടൂര്‍ പറയുന്നു. നിലവിലുള്ള ശൈലികൾക്കോ ചലച്ചിത്ര ലോകത്തിന്റെ പ്രതീക്ഷകൾക്കോ വഴങ്ങി സിനിമ ചെയ്യുന്ന ആളല്ല താനെന്നും സംവിധായകനും തിരക്കഥാകൃത്തുമായ അടൂര്‍ വ്യക്തമാക്കി. കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച കാലത്ത് തിയേറ്ററുകളിൽ ആളുകൾക്ക് സിനിമ കാണാൻ കഴിയാത്ത സാഹചര്യം വന്നപ്പോൾ, ഇനി സിനിമകൾ ചെയ്യുന്നതിൽ അർത്ഥമുണ്ടോ എന്ന് താൻ ചിന്തിച്ചിരുന്നതായി അടൂര്‍ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'സിനിമ തിയേറ്ററുകളിൽ കാണാൻ സാധിക്കാത്തപ്പോൾ എന്തിന് ഒരു സിനിമ ചെയ്യണം എന്ന സംശയത്തിലായിരുന്നു ഞാൻ. സിനിമ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് ഞാൻ ഏതാണ്ട് നിർത്തിയിരുന്നു. എന്നാൽ തിയേറ്ററുകൾ വീണ്ടും തുറക്കുകയും പ്രേക്ഷകർ തിരിച്ചെത്തുകയും ചെയ്തതോടെയാണ് മറ്റൊരു ചിത്രം സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചുതുടങ്ങിയതെന്നും' അടൂര്‍ പറഞ്ഞു.

പദയാത്ര'യിൽ മമ്മൂട്ടിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാണ പങ്കാളിത്തവും അദ്ദേഹത്തിനുണ്ട്. ഞാന്‍ ചെയ്ത 13 സിനിമകളിൽ നാലെണ്ണത്തിലും അഭിനയിച്ച് എന്റെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ ആവർത്തിച്ചെത്തിയ ഏക നടൻ ഒരുപക്ഷേ മമ്മൂട്ടിയായിരിക്കുമെന്ന് അടൂര്‍ പറയുന്നു. ഈ സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനവും ഏറെ മികച്ചതായിരിക്കുമെന്നും അടൂര്‍ പറഞ്ഞു. തന്റെ ചലച്ചിത്ര ജീവിതത്തിലെ ഇത്രയും നീണ്ട ഇടവേളയ്ക്ക് ശേഷം ചിത്രം തിയേറ്ററുകളിലെത്തുമ്പോൾ പ്രേക്ഷകർ അതിനെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

ENGLISH SUMMARY:

Adoor Gopalakrishnan is returning to Malayalam cinema after a 10-year hiatus with his new film 'Padayathra', starring Mammootty. This collaboration marks the fourth time the acclaimed director and actor have worked together, raising high expectations within the industry.