chalachithra-accademy

ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പറേഷന്‍ അധ്യക്ഷ പദവിയിലാരെന്ന് ഈ ആഴ്ച അറിയാം. ഇനി വൈകില്ലെന്നും തര്‍ക്കമല്ല തീരുമാനം നീളാന്‍ കാരണമെന്നും സാംസ്കാരികമന്ത്രി പി.സി.വിഷ്ണുനാഥ് മനോരമന്യൂസിനോട് പറഞ്ഞു. സംവിധായകരായ ബ്ളെസിയുടെയും സത്യന്‍ അന്തിക്കാടിന്‍റെയും പേരുകളാണ് അക്കാദമി തലപ്പത്തേക്ക് സജീവമായി പരിഗണിക്കുന്നത്. 

സര്‍ക്കാര്‍ അധികാരമേറ്റ് നൂറ് ദിവസം പിന്നിടുമ്പോഴും ചലച്ചിത്ര, സാഹിത്യ, ലളിതകലാ അക്കാദമികളുടെ തലപ്പത്തേക്ക് ആരെയും നിയമിച്ചിട്ടില്ല. നാല്‍പത് സ്ഥാപനങ്ങളുണ്ട് സാംസ്കാരിക വകുപ്പിന് കീഴില്‍. വരുന്ന വെള്ളി, ശനി ദിവസങ്ങളില്‍ കോഴിക്കോട് മന്ത്രിമാര്‍ക്കായി നടക്കുന്ന പരിശീലന പരിപാടിക്കിടെ മുഖ്യമന്ത്രിയും സാംസ്കാരികമന്ത്രിയും പേരുകള്‍ അന്തിമമാക്കാനിരിക്കും. ചലച്ചിത്ര അക്കാദമി തലപ്പത്ത് ബ്ളെസിയെയോ സത്യന്‍ അന്തിക്കാടിനെയെയോ കൊണ്ടുവരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അധ്യക്ഷന്മാരെ മാത്രമല്ല, സെക്രട്ടറിമാരെയും നിയമിക്കേണ്ടതുണ്ടെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറ‍ഞ്ഞു. 

നിയമനം നീണ്ടെങ്കിലും രാജ്യാന്തര ഹ്രസ്വചിത്ര മേളയുടെയും ചലച്ചിത്ര മേളയുടെയും ഒരുക്കങ്ങളും തീയതികളും സര്‍ക്കാര്‍ തീരുമാനിച്ചു. നടപടികളും തുടങ്ങി. കോണ്‍ഗ്രസിനോട് അനുഭാവമുള്ള നടന്മാരായ ജഗദീഷ്, കുഞ്ചാക്കോ ബോബന്‍, സംവിധായകര്‍ ബേസില്‍ ജോസഫ്, തരുണ്‍ മൂര്‍ത്തി തുടങ്ങിയവരുടെ പേരുകളും സജീവമായി ഉയര്‍ന്നിരുന്നു. എന്നാല്‍, സിനിമയില്‍ സജീവമായി നില്‍ക്കുന്ന ഇവര്‍ക്ക് ഔദ്യോഗിക ചുമതലകള്‍ നല്‍കിയാല്‍ അവരുടെ സിനിമകളെ അവാര്‍ഡുകള്‍ക്ക് പരിഗണിക്കാനാകാതെ വരും. പരിഗണിക്കപ്പെട്ട മറ്റ് ചിലരാകട്ടെ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ പരസ്യപ്രതികരണം നടത്തിയവരുമാണ്. 

Kerala Film Academy Chairperson: Blasey or Sathyan Anthikad Likely to be Appointed:

the appointment of the Kerala Film Academy and Film Development Corporation chairpersons will be finalized this week. Cultural Minister P.C. Vishnunath clarified that the delay is not due to disputes but administrative processes, with directors Blasey and Sathyan Anthikad being strong contenders for the Film Academy's top position