• ചേന്തി അനിലും സംഘവും മുഖ്യമന്ത്രിയെ പരിപാടിക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോര്‍ട്ട് ലഭിക്കുന്നത്.

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ മുന്‍ ഡി.സി.സി അംഗം ചേന്തി അനിലിനെതിരായ ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് വിവരം. ചേന്തി അനിലും സംഘവും മുഖ്യമന്ത്രിയെ പരിപാടിക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോര്‍ട്ട് ലഭിക്കുന്നത്.

ചേന്തിയുടെ കേസുകളും പരിപാടിയില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളവരുടെ പശ്ചാത്തലവും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇത് മുന്‍നിര്‍ത്തി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചേന്തി അനിലിനെയും സംഘാടകരെയും രണ്ടാഴ്ച മുന്‍പ് വിവരം അറിയിച്ചെങ്കിലും തുടര്‍ന്നും നാടുനീളെ ഫ്ലക്സ് വച്ചെന്നാണ് ആരോപണം. മുഖ്യമന്ത്രി വാഹനം നിര്‍ത്തി ഇറങ്ങിയത് മുന്‍ എം.പി. കൂടിയായ എന്‍.പീതാംബരക്കുറുപ്പിനെ കണ്ടതുകൊണ്ടാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.   Also Read: ‘മുഖ്യമന്ത്രി പെട്ടെന്ന് വയലന്റായി, വരില്ലെന്ന് പറഞ്ഞു’; വിശദീകരണവുമായി കോണ്‍ഗ്രസ് പ്രാദേശിക നേതാവ്

അതേസമയം, മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് ചേന്തി അനിലിനെ പാർട്ടി പുറത്താക്കി. ഡി.സി.സി അംഗമായ ചേന്തി അനിൽ റൗഡി ലിസ്റ്റിൽ പെട്ടയാളെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. തനിക്കെതിരായ കേസ് ഗ്രൂപ്പുകളിയുടെ ഭാഗമെന്നും കോൺഗ്രസുകാർക്ക് ഇതുതന്നെ വരണമെന്നും അനിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്ന് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയെ തടഞ്ഞത് സംസ്കാരമില്ലായ്മ എന്ന് കെ.മുരളീധരനും പ്രതികരിച്ചിരുന്നു. അനിലിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു..

ENGLISH SUMMARY:

More details have emerged regarding the incident in which the Chief Minister was allegedly stopped on the road. According to reports, Chief Minister V.D. Satheesan decided not to attend the programme based on an Intelligence Department report concerning former DCC member Chenthi Anil, who has since been arrested. The report was reportedly received by the Chief Minister’s Office after Chenthi Anil and his group invited the Chief Minister to the event.