സുകുമാരക്കുറുപ്പിനെ കണ്ടെന്ന അഭ്യൂഹങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്ത്. അസുഖബാധിതനായി ബ്രൂണെയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി മൂര്‍ക്കോത്ത് ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ നോര്‍ക്ക വഴി ഇടപെടലുകള്‍ നടന്നു. നോര്‍ക്ക റൂട്ട്സ് നോര്‍ക്ക വകുപ്പിന് എഴുതിയ കത്തിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു. ബ്രൂണെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ആണ് ദാമോദരമേനോന്‍റെ അസുഖവിവരം നോര്‍ക്കയെ അറിയിച്ചത്. വൃക്ക സംബന്ധമായ അസുഖമാണെന്നും സ്ഥിരമായ താമസ സൗകര്യം ഇല്ലെന്നും നോര്‍ക്ക് റൂട്ട്സ് സര്‍ക്കാരിനു നല്കിയ കത്തില്‍ പറയുന്നു. സുകുമാര കുറുപ്പിന്‍റേതെന്ന് അവകാശപ്പെട്ട് പുറത്തു വന്ന പാസ്പോര്‍ട്ടിലെ അതേ നമ്പരാണ് ജൂലൈ രണ്ടിന് അയച്ച കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Also read: അത് കുറുപ്പല്ലെന്ന് ഉറപ്പിച്ച് പൊലീസ്; ദാമോദര മേനോന്‍ നാട്ടിലേക്ക് മടങ്ങുന്നു
അതേസമയം, പ്രചരിച്ച ചിത്രം കുപ്രസിദ്ധ കൊലയാളി സുകുമാര കുറുപ്പിന്‍റേതല്ലെന്ന് കേരള പൊലീസ് കണ്ടെത്തി. തൃശൂര്‍ കരുമാത്ര സ്വദേശിയായ ദാമോദര മേനോന്‍റെ ചിത്രമാണിതെന്ന് സഹോദരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഫോണില്‍ ദാമോദര മേനോനുമായി കേരള പൊലീസ് ബന്ധപ്പെട്ടു. ആരോഗ്യപ്രശ്നങ്ങള്‍ മാറി നാട്ടിലേയ്ക്കു വരാന്‍ ശ്രമിക്കുകയാണെന്ന് പൊലീസിനോട് പറഞ്ഞു. ...
സുകുമാരക്കുറുപ്പ് ബ്രൂണയിലുണ്ടെന്ന് ചിത്രങ്ങള്‍ സഹിതം വാര്‍ത്തകള്‍ പ്രചരിച്ചു. പാസ്പോര്‍ട്ടിന്‍റെ ചിത്രവും വ്യാപകമായി പ്രചരിച്ചു. കുറുപ്പ് ജീവിച്ചിരിക്കുന്നുണ്ടെന്നും ഇതാണ് കുറുപ്പിന്‍റെ ചിത്രമെന്നും പ്രചരിച്ചു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനും ഇക്കാര്യം വെളിപ്പെടുത്തിയതോടെ കുറുപ്പ് കുടുങ്ങുമെന്ന് അഭ്യൂഹമായി. പക്ഷേ, ചിത്രം പ്രചരിച്ചതിനു പിന്നാലെ കേരള പൊലീസ് നടത്തിയ അന്വേഷണത്തില്‍ അത് പൊളിഞ്ഞു. ചിത്രം തൃശൂര്‍ കരുമാത്ര സ്വദേശിയായ ദാമോദര മേനോന്‍റേതായിരുന്നു. പത്തു സെന്‍റ് ഭൂമിയും മേനോന് നാട്ടിലുണ്ട്. ദീര്‍ഘകാലമായി മലേഷ്യയിലും ബ്രൂണയിലുമാണ് കുടുംബസമേതം താമസം. പാലക്കാട് സ്വദേശിനിയാണ് ഭാര്യ. രണ്ടു മക്കളുമുണ്ട്. ദാമോദര മേനോന്‍റെ കുടുംബാംഗങ്ങളും നാട്ടുകാരും ചിത്രം കണ്ട് അന്തംവിട്ടു.
രണ്ടായിരത്തിലാണ് അവസാനമായി നാട്ടില്‍ വന്നത്. ഉന്നത പഠനം പുണെയിലായിരുന്നു. വിദേശത്തേയ്ക്കു ജോലിയായി പോയ ശേഷം നാട്ടില്‍ വരവ് കുറവാണ്. എണ്‍പത്തി രണ്ടു വയസുണ്ട്. സഹോദരനും സഹോദരിയും കരുമാത്രയില്‍ ജീവിച്ചിരിപ്പുണ്ട്. ഇതിനിടെ, ദാമോദരന്‍റെ പുതിയ ചിത്രവും വിഡിയോയും പുറത്തുവന്നു. അവശനായി സംസാരിക്കുന്നതാണ് വീഡിയോയില്‍.
സുകുമാരക്കുറുപ്പാണെന്ന് പ്രചരിപ്പിച്ചവര്‍ക്കെതിരെ ദാമോദര മേനോന്‍റെ ബന്ധുക്കള്‍ നിയമനടപടി സ്വീകരിച്ചേക്കും. കേരള പൊലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തി. ചിത്രം കുറുപ്പിന്‍റേതല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാന്‍ ആലപ്പുഴ സ്വദേശിയായ ചാക്കോയെ കൊന്ന സുകുമാര കുറുപ്പിനെ കുറേക്കാലമായി കേരള പൊലീസ് തിരയുന്നുണ്ട്. പലരാജ്യങ്ങളിലും കുറുപ്പിനെ കണ്ടെന്ന വിവരങ്ങള്‍ കേരള പൊലീസിന് കിട്ടാറുണ്ട്. അത് വിശദമായി പരിശോധിക്കുമ്പോള്‍ ശരിയല്ലെന്ന് ബോധ്യപ്പെടാറുമുണ്ട്. പുതിയ ചിത്രവും പ്രചാരണവും അത്തരമൊരു അഭ്യൂഹങ്ങളില്‍ ഒതുങ്ങുകയാണ്. ഹൃദ്രോഗിയായ കുറുപ്പ് എണ്‍പതു വയസു വരെ ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് കേരള പൊലീസിന്‍റെ വിലയിരുത്തല്‍.
സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന അഭ്യൂഹത്തിന് സ്ഥിരീകരണമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇന്റര്‍പോളുമായി ബന്ധപ്പെട്ട് നിജസ്ഥിതി അറിയാന്‍ ശ്രമിക്കുന്നുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. സുകുമാരകുറുപ്പിനെ എത്രയും വേഗം കണ്ടെത്തണമെന്ന് കൊല്ലപ്പെട്ട ചാക്കോയുടെ മകൻ ജിതിൻ ആവശ്യപ്പെട്ടു.