സുകുമാരകുറുപ്പിന്‍റെ തിരോധാനം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ തെലങ്കാനയിലും സമാനമായ ഒരു തിരോധാനക്കേസും ഓര്‍മകളില്‍ നിറയുകയാണ്. 40 വര്‍ഷം ഒളിവില്‍ കഴിഞ്ഞ ഒരു കൊലക്കേസ് പ്രതിയുടെ കഥ. തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ അധ്യാപകനായിരുന്നു സന്ദേല വീരണ്ണ. വിദ്യാർഥികൾക്ക് പ്രിയപ്പെട്ട അധ്യാപകൻ. സഹപ്രവർത്തകർക്കിടയിൽ മാന്യനായ സർക്കാർ ജീവനക്കാരൻ. 2004-ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാര ജേതാവ്. പിന്നീട് സർക്കാർ സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹത്തിന്‍റെ ജീവിതത്തിലെ മറ്റൊരു അധ്യായം പലർക്കും അറിയില്ലായിരുന്നു. ഒരുകാലത്ത് കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാരനായിരുന്നു അദ്ദേഹം.
1983-ലാണ് കഥയുടെ തുടക്കം. അന്നത്തെ ആന്ധ്രപ്രദേശിലെ വാറങ്കൽ ജില്ലയിൽ നടന്ന ഒരു കൊലക്കേസിൽ കോടതി സന്ദേല വീരണ്ണയ്ക്ക് ജീവപര്യന്തം തടവ് വിധിച്ചു. ആറുമാസവും ഏഴ് ദിവസവും ജയിലിൽ കഴിഞ്ഞ ശേഷം പരോൾ ലഭിച്ചു.1984 മാർച്ച് 18-ന് ജയിലിൽ തിരിച്ചെത്തണമെന്നായിരുന്നു നിർദേശം. എന്നാൽ ആ ദിവസം വീരണ്ണ മടങ്ങിയെത്തിയില്ല. പരോൾ കഴിഞ്ഞിട്ടും ജയിലിലേക്ക് മടങ്ങാതെ അദ്ദേഹം അപ്രത്യക്ഷനായി. സാധാരണയായി ഇത്തരത്തിലുള്ള കേസുകളിൽ ഒളിവിലായ പ്രതികളെ മാസങ്ങൾക്കോ വർഷങ്ങൾക്കോ ഉള്ളിൽ കണ്ടെത്താറുണ്ട്. എന്നാൽ വീരണ്ണയുടെ കാര്യത്തിൽ അത് സംഭവിച്ചില്ല.
അതിനിടെ അയാള്‍ മഹബൂബാബാദ് മേഖലയിലേക്ക് താമസം മാറി പുതിയൊരു ജീവിതം ആരംഭിച്ചു. സർക്കാർ സ്കൂളിൽ അധ്യാപകനായി ജോലി നേടി. കാലം കടന്നുപോയതോടെ നാട്ടുകാർക്കിടയിൽ അറിയപ്പെടുന്ന അധ്യാപകനായി മാറി. വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന് ലഭിച്ച ഒരു അംഗീകാരമാണ് പിന്നീട് ഈ കേസിന്‍റെ ഏറ്റവും വലിയ കൗതുകമായി മാറിയത്. 2004-ൽ അന്നത്തെ ആന്ധ്രപ്രദേശ് സർക്കാർ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം നൽകി വീരണ്ണയെ ആദരിച്ചു.
ഒരു വശത്ത് സർക്കാർ രേഖകളിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രതി. മറുവശത്ത് അതേ സർക്കാർ സംവിധാനത്തിൽ മികച്ച അധ്യാപകനായി ആദരിക്കപ്പെടുന്ന വ്യക്തി. ഈ വൈരുധ്യമാണ് വീരണ്ണയുടെ കഥയെ ശ്രദ്ധേയമാക്കിയത്. അധ്യാപക ജീവിതം തുടർന്ന അദ്ദേഹം 2013-ൽ സർക്കാർ സർവീസിൽ നിന്ന് വിരമിച്ചു. അതിനിടയില്‍ പല സംഘങ്ങളായി ഇയാള്‍ക്കായി പൊലീസ് തിരച്ചിലും നടത്തുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഇയാള്‍ ജയിലിൽ തിരിച്ചെത്താതെ മൂന്ന് പതിറ്റാണ്ടിലേറെ കഴിഞ്ഞിരുന്നു.
2024 മേയിൽ തെലങ്കാന ജയില്‍ വകുപ്പിന്‍റെ പ്രത്യേക സംഘം മഹബൂബാബാദ് പൊലീസിന്‍റെ സഹായത്തോടെ വീരണ്ണയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഏകദേശം 40 വർഷത്തോളം നീണ്ട ഒളിവിന് അങ്ങനെ അവസാനമായി. തുടർന്ന് അദ്ദേഹത്തെ വീണ്ടും ജയിലിലാക്കി. അറസ്റ്റിന് ശേഷം വീരണ്ണയുടെ കുടുംബം തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ഇളവ് അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ കോടതി അത് അംഗീകരിച്ചില്ല.
അതേസമയം, ഒരു ജീവപര്യന്തം തടവുകാരന് നാല് പതിറ്റാണ്ടോളം അധികൃതരുടെ കണ്ണിൽപ്പെടാതെ കഴിയാനും സർക്കാർ ജോലി നേടാനും മികച്ച അധ്യാപക പുരസ്കാരം നേടാനും വിരമിക്കാനും കഴിഞ്ഞത് എങ്ങനെയെന്ന ചോദ്യവും കോടതി ഉയർത്തി. ജയിൽ ഭരണ സംവിധാനത്തിലെ ഗുരുതരമായ വീഴ്ചയാണിതെന്നും കോടതി നിരീക്ഷിച്ചു.