• ബ്രൂണെയിൽ കണ്ടെത്തിയ മലയാളി കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പല്ലെന്ന് കേരള പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

അഭ്യൂഹങ്ങള്‍ക്ക് വിരാമം. ബ്രൂണെയില്‍ കണ്ടെത്തിയ മലയാളി കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പ് അല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. സുകുമാരക്കുറുപ്പിന്‍റേതെന്ന് പ്രചരിച്ച ചിത്രം തൃശൂര്‍ വടക്കാഞ്ചേരിക്കടുത്തുള്ള കരുമത്ര സ്വദേശി ദാമോദര മേനോന്‍റേതാണെന്നാണ് പൊലീസ് സ്ഥിരീകരണം. ദാമോദര മേനോന്‍റെ പേരില്‍  കരുമത്രയില്‍ 10 െസന്‍റ് ഭൂമിയുണ്ട്. ഈ രേഖകള്‍ പൊലീസ് പരിശോധിച്ച് ഉറപ്പിച്ചു. സ്ഥിരീകരണത്തിന്‍റെ ഭാഗമായി ദാമോദര മേനോനെ പൊലീസ് ഫോണില്‍ ബന്ധപ്പെട്ടു. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് ദാമോദര മേനോന്‍ പൊലീസിനോട് പറഞ്ഞു. നാട്ടിലേക്ക് വരാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും അദ്ദേഹം പൊലീസിനെ അറിയിച്ചു.

Also Read: സുകുമാര കുറുപ്പല്ല, അത് ദാമോദര മേനോന്‍, തൃശൂര്‍ സ്വദേശി; സുകുമാര കുറുപ്പ് കേസില്‍ വീണ്ടും ട്വിസ്റ്റ്

രണ്ടുമാസം മുന്‍പ് ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ചികില്‍സ തേടിയപ്പോള്‍ ദാമോദര മേനോന്‍ സംസാരിക്കുന്നതിന്‍റെ വിഡിയോ പുറത്തുവന്നു. തമിഴില്‍ മറ്റൊരാളുമായി സംസാരിക്കുന്നതാണ് വിഡിയോ. തന്‍റെ ആരോഗ്യപ്രശ്നങ്ങളെ പറ്റിയും കഴിക്കാന്‍ പറ്റുന്ന ഭക്ഷണത്തെ പറ്റിയും ഈ വിഡിയോയില്‍ ദാമോദര മേനോന്‍ സംസാരിക്കുന്നുണ്ട്. 

സുരേന്ദ്ര മേനോന്‍, സരള എന്നിങ്ങനെ ദാമോദരന്‍റെ സഹോദരനും സഹോദരിയുമുണ്ട് നാട്ടിലുണ്ട്. ഇവര്‍ താമസിക്കുന്ന തറവാട് വീട് ദാമോദര മേനോന്‍റെ പേരിലാണ്. വർഷങ്ങളായി മലേഷ്യയിൽ പ്രവാസിയായി കഴിയുന്ന ദാമോദര മേനോൻ അവസാനമായി നാട്ടിലെത്തിയത് 30 വർഷങ്ങൾക്ക് മുൻപാണ്. പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച അദ്ദേഹവും കുടുംബവും മലേഷ്യൻ പൗരത്വത്തോടെയാണ് അവിടെ ജീവിക്കുന്നത്. ഒരു മാസം മുൻപ് തങ്ങളുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് സഹോദരൻ വ്യക്തമാക്കി. 

Also Read: പുതിയ ചിത്രം സുകുമാര കുറുപ്പിന്റേതല്ല?; പ്രചരിക്കുന്ന ചിത്രത്തിന് മുഖസാദൃശ്യമില്ലെന്ന് എഐ കണ്ടെത്തല്‍

തൃശൂരിലെ വിദ്യാഭ്യാസത്തിനു ശേഷം പൂനെയിലും മധ്യപ്രദേശിലും ഉന്നതപഠനം നടത്തിയ ശേഷമാണ് ദാമോദര മേനോന്‍ മലേഷ്യയിലേക്ക് പോകുന്നത്. തൊണ്ണൂറുകളിലാണ് അവസാനമായി നാട്ടിലെത്തിയത്. ആരോഗ്യനില മോശമായ ദാമോദര മേനോൻ വീണു പരുക്കേറ്റ് കിടപ്പിലാണ്. കട്ടിലിൽ പിടിച്ചാണ് എഴുന്നേറ്റു നിൽക്കുന്നത്. നിലവില്‍ പ്രായത്തിന്‍റെ അവശതകളുണ്ടെന്നും അനുജന്‍ സുരേന്ദ്ര മേനോന്‍ പറഞ്ഞു.

ENGLISH SUMMARY:

Kerala Police have officially confirmed that the man spotted in Brunei, previously rumored to be fugitive Sukumara Kurup, is actually Damodara Menon from Thrissur. Authorities verified land records and contacted Menon directly, who stated he is currently facing health issues and planning a return home. His family previously clarified that he has been a long-term expatriate in Malaysia with valid citizenship for decades. This definitive confirmation puts an end to the widespread speculation surrounding the decades-old criminal case.