REUTERS
നേപ്പാള്‍ ദുരന്തത്തില്‍ 320 ഇന്ത്യക്കാരെ കാണാനില്ലെന്ന് വിദേശകാര്യമന്ത്രാലയം. കണക്കുകളില്‍ മാറ്റം ഉണ്ടാകാം. ഇന്ത്യന്‍ ബന്ധമുളള നൂറോളം വിദേശപൗരന്‍മാരെ കാണാനില്ല.
ചൈനീസ് ഭാഗത്ത് 400 ഇന്ത്യക്കാര്‍ സുരക്ഷിതരാണ്. മരിച്ചവരുടെ വിവരം സ്ഥിരീകരിക്കാന്‍ സമയമെടുക്കും. കൂടുതല്‍ വ്യക്തത വരാനുണ്ടെന്നും വിദേശകാര്യവക്താവ് വ്യക്തമാക്കി.
കാണാതായവരെ തിരഞ്ഞെത്തുന്ന ബന്ധുക്കളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് നേപ്പാള്‍ നുവാകോട്ടിലെ ആര്‍മി ക്യാംപ്. രക്ഷപെട്ടവരെ സൈന്യം എത്തിക്കുന്നത് ഈ ക്യാംപിലേക്കാണ്.
മരണം 538
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 538 ആയി. 320 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല. ആകെ ആയിരത്തിലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുഷ്കരമായ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസവും തുടരുകയാണ്. 85 ഇന്ത്യക്കാരടക്കം ഇതുവരെ ആയിരത്തി അറുന്നൂറിലേറെപ്പേരേ രക്ഷപ്പെടുത്തി. ചൈനയില്‍ ഹിമതടാകം പൊട്ടിയെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നേപ്പാള്‍ വീണ്ടും ജാഗ്രതയിലാണ്. രക്ഷാപ്രവര്‍ത്തനത്തിന് NDRFനെ അയ്ക്കാന്‍ തയ്യാറെന്ന് ഇന്ത്യ വീണ്ടും അറിയിച്ചു.
മധ്യനേപ്പാളിലെ നാല് ജില്ലകളെ തകര്‍ത്ത മിന്നല്‍ പ്രളയത്തില്‍ മണ്ണിലാഴ്ന്നവരെ കണ്ടെത്താന്‍ മൂന്നാം ദിനത്തിലും ദുഷ്കരമായ രക്ഷാപ്രവര്‍ത്തനം. റസുവ, ചിത്വാൻ, നവാൽപരാസി, നുവാക്കോട്ട് തുടങ്ങി എട്ട് ജില്ലകളിൽ നിന്നായി ഇന്ന് കൂടുതല്‍ മൃതദേഹങ്ങൾ കണ്ടെടുത്തതോടെ മരണസംഖ്യം 500 കവിഞ്ഞു. കാണാതായ ഇന്ത്യക്കാരെക്കുറിച്ചും ആശങ്ക തുടരുന്നു.
ദുരന്തഭൂമിയില്‍നിന്ന് ഇന്ന് ഡല്‍ഹിയിലെത്തിയ 21 തമിഴ്നാട്ടുകാരെ വിദേശകാര്യമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു. ചൈന ഭാഗത്ത് 400 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവിടെനിന്ന് 96 പേരെ രക്ഷിച്ചതായും വിദേശകാര്യ മന്ത്രാലയം. 85 ഇന്ത്യക്കാരടക്കം 121 വിദേശ സഞ്ചാരികളെ രക്ഷിച്ചതായി നേപ്പാള്‍ ടൂറിസം ബോര്‍ഡ് അറിയിച്ചു. പരിക്കേറ്റവരും ഒറ്റപ്പെട്ടവരുമായ 1,600–ലേറെപ്പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്.
2,400 നേപ്പാൾ സൈനികരടക്കം 7,451 സുരക്ഷാ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അതിനിടെ ചൈനയില്‍ ഹിമതടാകം പൊട്ടിയെന്ന റിപ്പോര്‍ട്ട് നേപ്പാളില്‍ വീണ്ടും ആശങ്ക വിതച്ചു. വിവരം സ്വന്തം നിലയ്ക്ക് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നേപ്പാള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഏകോപനത്തിൽ പാളിച്ചയുണ്ടാകാമെന്നതിനാല്‍ രക്ഷാപ്രവർത്തനത്തിന് വിദേശ സഹായം വേണ്ടെന്ന നിലപാടിലാണ് നേപ്പാൾ. ദേശിയ ദുരന്ത നിവാരണ സേനയെ അയക്കാന്‍ ഇന്ത്യ ഇന്നും സന്നദ്ധത അറിയിച്ചു.
നേപ്പാളിന്‍റെ അഭ്യര്‍ഥന പ്രകാരം വൈദ്യസംഘത്തെയും തുരങ്ക രക്ഷാസംഘത്തെയും ഇന്ത്യ ഉടന്‍ അയക്കും. ടണ്‍കണക്കിന് ദുരിതാശ്വാസ സാമഗ്രികളും മരുന്നുകളും ഭക്ഷണവും വ്യോമസേന വിമാനങ്ങളില്‍ നേപ്പാളിലെത്തിക്കുന്നത് തുടരുകയാണ്.
60 മലയാളികള്‍ സുരക്ഷിതര്‍
നേപ്പാൾ മിന്നൽ പ്രളയത്തിൽ ബന്ധപ്പെടാന്‍ കഴിയാതിരുന്ന 68 മലയാളികളില്‍ 60പേരും സുരക്ഷിതരെന്ന് നോര്‍ക്ക. നേപ്പാളിലേക്ക് തീർഥയാത്ര പോയ ഓസ്ട്രേലിയന്‍ പൗരത്വമുള്ള പൊന്നാനി സ്വദേശികളായ നാലംഗ കുടുംബത്തെ ബന്ധപ്പെടാനാവാത്തത് ആശയങ്കയുണ്ടാക്കുന്നുണ്ട്.
Also read: ചെളിയില്‍ പുതഞ്ഞ മൃതദേഹത്തില്‍ നിന്നും സ്വര്‍ണം വലിച്ചൂരി യുവാക്കള്‍
നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്ന 82 പേരുടെ വിവരങ്ങള്‍ തേടിയാണ് നോര്‍ക്ക ഹെല്‍പ്പ് ഡസ്ക്കില്‍ അന്വേഷണം എത്തിയിരുന്നത്. എത്ര മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു എന്ന ആശങ്കക്ക് അല്പം ആശ്വാസമാവുകയാണ് . ബന്ധുക്കള്‍ക്ക് ആശയവിനിമയം നടത്താന്‍ കഴിയാതിരുന്ന 68 മലയാളികളില്‍ പേരില്‍ 60 പേര്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക സിഇഒ രാജേഷ് മാധവന്‍ അറിയിച്ചു.
എട്ടു പേരുമായാണ് നോര്‍ക്കക്ക് ആശയവിനിമയം നടത്താനാവാത്തത് . നോർക്കയിൽ വിവരം തേടിയ 14 തമിഴ്നാട്ടുകാരെ കുറിച്ചും വിവരം ലഭിക്കാനുണ്ട് . 19 മലയാളികൾ അടങ്ങുന്ന 23 അംഗ കൈലാസ് മാനസരോവർ സന്ദർശക സംഘം നാളെ കാഠ്മണ്ഡുവിലെത്തും. 31 ന് ഇവർ നാട്ടിലേയ്ക്ക് തിരിക്കും.