nepal-looting

നേപ്പാളിലുണ്ടായ പ്രളയ ദുരന്തത്തിനിടയിലും മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മരിച്ചയാളുടെ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഈ സമയത്ത് സമീപത്ത് ആളുകള്‍ കൂടിനില്‍ക്കുന്നുണ്ടെങ്കിലും ആരും ഇവരെ തടയാന്‍ ശ്രമിക്കുന്നില്ലെന്ന് വിഡിയോയില്‍ കാണാം. വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഭരത്പുരിലെ പൊഖാറ ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് പ്രതികളെ  പൊലീസ് കസ്റ്റഡിയിലെടുത്തത്. മദൻ ഗുരുങ് (25), ഉമേഷ് ചൗധരി (38) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും നിലവിൽ ഭരത്പുരിലാണ് താമസം.  ബുധനാഴ്ച നേപ്പാള്‍–തിബറ്റ് അതിര്‍ത്തിയിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് നദിയിലൂടെ കുത്തിയൊലിച്ചെത്തിയ മൃതദേഹത്തിൽ നിന്നാണ് പ്രതികൾ സ്വർണ്ണക്കമ്മൽ ഊരിയെടുത്തത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ചിത്വാൻ പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ചയോടെ ഇവരെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർനടപടികൾക്കായി ഇരുവരെയും ചിത്വാൻ ഡിസ്ട്രിക്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.  

ദുരന്തത്തിനിരയായവരോടും പരുക്കേറ്റവരോടും അനാദരവ് കാട്ടുന്നതോ മോഷണം നടത്തുന്നതോ ആയ ഒരു നടപടിയും വച്ചുപൊറുപ്പിക്കില്ലെന്ന് ചിത്വാൻ പോലീസ് മേധാവി എസ്.പി രമേശ്വർ പൗഡൽ വ്യക്തമാക്കി. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ദുരന്തമേഖലകളിൽ നിന്ന് ഇത്തരം ക്രൂരമായ പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

നേപ്പാൾ-ടിബറ്റ് അതിർത്തി മേഖലയിൽ ഉണ്ടായ അതിതീവ്ര പ്രളയത്തിലും മണ്ണടിച്ചിലിലും ഇതുവരെ അഞ്ഞൂറോളം പേർ മരണപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. വിദേശ വിനോദസഞ്ചാരികളും തീർഥാടകരും ഉൾപ്പെടെ 1,500-ലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്.  ശക്തമായ മണ്ണടിച്ചിലിലും പ്രളയത്തിലും ഗൈറോങ് പോർട്ടിലെ ബഹുനില കെട്ടിടവും ബസ് പാർക്കിങ് ഏരിയയും പൂർണമായും ചെളിയിൽ മുങ്ങി. ശരാശരി 1.5 മീറ്ററിലധികം കനത്തിലാണ് പ്രദേശത്ത് ചെളിയും അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയിരിക്കുന്നത്. അതിർത്തിയിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡുകളെല്ലാം തകർന്നു. 

നേപ്പാളിലെ ത്രിശൂലി, ഭോട്ടെ കോസി നദികൾ കരകവിഞ്ഞൊഴുകിയതോടെ നിരവധി ഗ്രാമങ്ങളും പാലങ്ങളും പൂർണമായും ഒലിച്ചുപോയി. റോഡ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതോടെ സൈനിക ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. നിരവധി വിദേശ പൗരന്മാരും ഇന്ത്യക്കാരായ തീർഥാടകരും ദുരന്തമേഖലയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാസേനകൾ ചെളി നീക്കി തിരച്ചിൽ തുടരുകയാണ്. 

ENGLISH SUMMARY:

Shocking footage has surfaced from Nepal showing individuals stealing gold earrings from a corpse recovered amidst devastating floods and landslides. Following the widespread circulation of the video on social media, Chitwan police successfully identified and arrested two suspects, Madan Gurung and Umesh Chaudhary, near the Bharatpur Pokhara bus stand. The unprecedented disaster, triggered by torrential rains and landslides near the Tibet border, has claimed over 392 lives, with more than 1,400 people still reported missing. Rescue operations utilizing military helicopters continue across affected regions as authorities crack down heavily on exploitation and theft in disaster zones.