നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ വന്‍തോതില്‍ ഉയരുന്നു. 389 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ടിബറ്റിലും നേപ്പാളിലുമായി 1500 ല്‍ അധികം പേരെ കാണാനില്ല. സൈന്യത്തിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. പ്രധാനമന്ത്രി ബാലേന്‍ ഷാ നുവാക്കോട്ടിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
നേപ്പാളിലെ മൂന്നുജില്ലകളെ മായ്ച്ചുകളഞ്ഞ മിന്നല്‍ പ്രളയമെത്തി ഒരു ദിവസം പിന്നിടുമ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ സമയവുമായി മല്ലിടുകയാണ്. കരസേനയും പൊലീസും ദുരന്ത നിവാരണസേനയും ചേര്‍ന്ന് ഇതുവരെ നൂറിലേറെ പേരെ രക്ഷിച്ചു. പലരുടെയും നില ഗുരുതമാണ്. നേപ്പാളില്‍ എണ്ണൂറില്‍ അധികം പേരെയും ടിബറ്റില്‍ അറുനൂറിലേറെ പേരെയും കണ്ടെത്താനുണ്ട്. ഇതില്‍ 517 പേര്‍ വിദേശികളാണ്. കൈലാസ– മാനസരോവര്‍ യാത്രയ്ക്കെത്തിയവരാണ് ഏറെയും. 2000 കരസേന അംഗങ്ങളും സൈനിക– സ്വകാര്യ ഹെലികേപ്റ്ററുകളും രക്ഷാ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിന് വിദേശസഹായം വേണ്ടെന്നാണ് നേപ്പാളിന്റെ നിലപാട്. രാജ്യത്ത് ആവശ്യമായ സംവിധാനങ്ങള്‍ ഉണ്ടെന്നും വിദേശസംഘങ്ങള്‍ എത്തിയാല്‍ ഏകോപനത്തെ ബാധിക്കുമെന്നും നേപ്പാള്‍ വ്യക്തമാക്കി. നിലവില്‍ 13,000 സുരക്ഷാ ഉദ്യോഗസ്ഥര്‍ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഹെലികോപ്റ്റര്‍ വഴി 573 പേരെ രക്ഷപെടുത്തി. 3500 പേരെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി. 2.5 കോടി അനുവദിച്ചെന്ന് പ്രധാനമന്ത്രി ബലേന്ദ്ര ഷാ അറിയിച്ചു.
റോഡുകളും പാലങ്ങളും ഒലിച്ചുപോയതും പത്തടിയിലേറെ ഉയരത്തില്‍ മണ്ണടിഞ്ഞുകൂടിയതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ദുരന്തം നാശം വിതച്ച നുവാക്കോട്ടില്‍ എത്തിയ പ്രധാനമന്ത്രി ബാലേന്‍ ഷാ രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. അതേസമയം വീടും സ്ഥലവും നഷ്ടപ്പെട്ട ആയിരങ്ങള്‍ ദുരിതത്തിലാണ്. ഭക്ഷണമോ താമസ സൗകര്യമോ ഇല്ലെന്നു പലരും പറഞ്ഞു.
ടിബറ്റില്‍ ചൈനയും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. പ്രധാനമന്ത്രി ലി ക്വിയാങ് ദുരന്തമേഖലകള്‍ സന്ദര്‍ശിച്ചു. ഭൂചലനമല്ല, മഞ്ഞുമലയും മഞ്ഞു തടാകങ്ങളും തകര്‍ന്നതാണ് ദുരന്തത്തിന് കാരണം എന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. നേപ്പാളിന് സഹായഹസ്തവുമായി ഇന്ത്യയടക്കം വിദേശരാജ്യങ്ങള്‍ എത്തി. യു.എസ്. അഞ്ചുലക്ഷം ഡോളര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയും റെഡ് ക്രോസും ഉള്‍പ്പെടെ രംഗത്തുണ്ട്.
കേരളത്തില്‍നിന്നുള്ള 33 പേരടക്കം 285 ഇന്ത്യക്കാരെയാണ് നേപ്പാളില്‍ കാണാതായത്. 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. കൈലാസ മാനസസരോവർ തീർഥാടകരും വിനോദസഞ്ചാരികളും പവര്‍ പ്ലാന്‍റ് നിര്‍മാണത്തിന്‍റെ ഭാഗമായവരുമടക്കം ഇന്ത്യക്കാരെയാണ് നേപ്പാളില്‍ കാണാതായത്. ചൈനീസ് ഭാഗത്തും ഇറുന്നൂറോളം ഇന്ത്യക്കാര്‍ കുടുങ്ങിയെന്നും ഏതാനും പേരെക്കുറിച്ച് വിവരമില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാൾ പറഞ്ഞു. കാണാതായവരില്‍ 33 പേര്‍ കേരളത്തില്‍നിന്നാണ്. പ്രളയജലം താഴേക്ക് ഒഴുകിയെത്തുന്നതിനാല്‍ നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന യുപി, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഗണ്ഡക് നദീതീരത്തുനിന്ന് മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തി. നേപ്പാളിലെ മിന്നില്‍ പ്രളയത്തില്‍ ഒഴുകി എത്തിയതെന്നാണ് സംശയം.