sukumarakurup
  • ദശാബ്ദങ്ങളായി പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെ ഒളിവിൽ കഴിയുന്നുണ്ടെന്ന പുതിയ അവകാശവാദവുമായി മുൻ അന്വേഷണ സംഘാംഗം അലി അക്ബർ രംഗത്തെത്തി.

പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് ജീവനോടെയുണ്ടെന്ന് അഭ്യൂഹം. പതിറ്റാണ്ടുകളായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണെയിൽ ഒളിവില്‍ കഴിയുന്നുവെന്ന അവകാശവാദുമായി മുന്‍ അന്വേഷണ സംഘാംഗം അലി അക്ബര്‍ രംഗത്തുവന്നു. കുറുപ്പിന്‍റേതെന്ന് അവകാശപ്പെടുന്ന ചിത്രവും അദ്ദേഹം പുറത്തുവിട്ടു. സുകുമാര കുറുപ്പ് മരിച്ചെന്ന നിഗമനത്തില്‍ കേസ് ഫയല്‍ ക്ലോസ് ചെയ്യാനിരിക്കെയാണ് പുതിയ അഭ്യൂഹം.  അതേസമയം, സുകുമാര കുറുപ്പ് വിദേശത്ത് എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഇന്‍റര്‍പോളില്‍ നിന്ന് വിവരം തേടും. മാധ്യമങ്ങളില്‍ വന്ന വ്യക്തിയുടെ വിവരമാണ് ഇന്‍റര്‍പോളില്‍ നിന്ന് ആവശ്യപ്പെടുക. 

Also Read: പാടത്തുവച്ച് പോസ്റ്റുമോര്‍ട്ടം, പ്രവാസിക്ക് നിലവാരമില്ലാത്ത അടിവസ്ത്രം?; കുറുപ്പിന്‍റെ തിരക്കഥ പൊളിഞ്ഞ വഴി

കുറുപ്പിന്‍റേതെന്ന് അവകാശപ്പെടുന്ന ചിത്രവും അലി അക്ബര്‍ പുറത്തുവിട്ടിട്ടുണ്ട്. 2023 ലെടുത്ത ഫോട്ടോയാണിതെന്ന് അലി അക്ബര്‍ പറഞ്ഞു. കാറില്‍ വന്നിറങ്ങുന്നതും ഹോട്ടലില്‍ പോകുന്നതും വീട്ടില്‍‍ താമസിക്കുന്നതുമടക്കം വിശ്വസീനീയ വിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. ഈ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. 

ക്രിസ്ത്യൻ, ഹിന്ദു പേരുകൾ സമന്വയിപ്പിച്ച് ഇന്ത്യൻ വംശജനായ മലേഷ്യൻ പൗരൻ എന്ന വ്യാജ വിലാസത്തിലാണ് ഇയാള്‍ ബ്രൂണെയില്‍ കഴിയുന്നതെന്നാണ് വിവരം. കേരളത്തിലുള്ള ബന്ധുക്കളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് അലി അക്ബറിന്റെ കണ്ടെത്തല്‍. ഇയാള്‍ക്കടുത്തേക്ക് പലതവണ എത്തിയതാണെങ്കിലും സമുദായിക, രാഷ്ട്രീയ സമ്മര്‍ദം മൂലം മുന്നോട്ട് പോകാന്‍ സാധിച്ചില്ലെന്നും അലി അക്ബര്‍ പറഞ്ഞു. 

Also Read: സുകുമാര കുറുപ്പ് മരിച്ചു? അന്വേഷണം അവസാനിപ്പിക്കുന്നു

അതേസമയം, സുകുമാര കുറുപ്പ് മരിച്ചെന്ന നിഗമനത്തിലാണ് കേരള പൊലീസ്.  ഹൃദ്രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറുപ്പ് മരിച്ചെന്ന സൂചനയാണ് കേസ് വീണ്ടും അന്വേഷിച്ച് തുടങ്ങിയ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ഏതാനും വിവരങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കാനാണ് ആലോചന.

ENGLISH SUMMARY:

A former member of the police investigation team has claimed that notorious fugitive Sukumara Kurup is alive and living in hiding in Brunei. The retired investigator released a recent photograph allegedly depicting Kurup and stated that he has been maintaining contact with relatives in Kerala using a fake identity. However, Kerala Police have dismissed these assertions, maintaining their conclusion that Kurup passed away years ago due to a heart condition. Authorities are currently reviewing remaining details to prepare a final report and formally close the long-running case.