മലയാളക്കരയ്ക്ക് ഓണമുണ്ണാന്‍ വാഴയിലയൊരുക്കുകയാണ് തമിഴ്‍നാട്. വീശിയടിച്ച കാറ്റില്‍ ഭൂരിഭാഗം ഇലകളും കീറിയെങ്കിലും ബാക്കിയുള്ള ഇലകള്‍ കര്‍ഷകര്‍ വിപണിയിലെത്തിച്ചു. പച്ചക്കറികളും പൂക്കളുമൊക്കെയായി തെക്കന്‍ തമിഴ്‍നാട്ടില്‍ മൊത്തക്കച്ചവട വിപണി സജീവമാണ്.
സദ്യയുണ്ണാന്‍ നല്ല തൂശനില തന്നെ വേണം. പേപ്പര്‍ വാഴയില വിപണിയില്‍ സുലഭമാണെങ്കിലും ഇക്കാര്യത്തില്‍ മലയാളി കോംപ്രമൈസ് ചെയ്യില്ല. തമിഴ്‍നാട്ടിലെ വാഴത്തോട്ടങ്ങളില്‍ പഴക്കുലയ്‍ക്കൊപ്പം ഇലയ്ക്കും ഡിമാന്‍ഡ് ഉണ്ടാകാന്‍ കാരണം ഇതാണ്. വീടുകളിലെ ആഘോഷങ്ങള്‍ക്കൊപ്പം വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും ഹോട്ടലുകളിലുമെല്ലാം വാഴയില വന്‍തോതില്‍ ആവശ്യമായി വരുന്നുണ്ടെങ്കിലും കേരളത്തിലെ ഉല്‍പാദനം കുറവാണ്. തമിഴ്‍നാട്ടില്‍ ബിരിയാണി വരെ ഇലയിലാണ് വിളമ്പുന്നതെന്നിരിക്കെ സദ്യയുണ്ണാന്‍ പാകത്തിലുള്ള ഇല തരംതിരിച്ചാണ് കേരളത്തിലേക്ക് കയറ്റിയയയ്ക്കുന്നത്. വീതി കൂടിയ വലുപ്പമുള്ള ഇല ബിരിയാണിക്ക്, വീതി കുറഞ്ഞ നീളമുള്ള ഇല സദ്യയ്ക്ക്.
ഇത്തവണ തമിഴ്‍നാട്ടില്‍ വീശിയടിച്ച കാറ്റ് വാഴയിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇല കീറിയതിനാല്‍ പല കൃഷിയിടങ്ങളില്‍ നിന്നും ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരിലയ്ക്ക് 20 രൂപ നിരക്കിലാണ് വില്‍പന. ഓണം കണക്കാക്കി കൃഷിയിറക്കിയ പച്ചക്കറികളും നൂറുമേനി വിളവ് തന്നു. തക്കാളിയും ക്യാരറ്റും മത്തനുമെല്ലാം വിളവെടുപ്പിന്‍റെ സമയമാണ്. കന്യാകുമാരി ജില്ലയില്‍ ഏക്കറുകണക്കിന് ചെണ്ടുമല്ലിപ്പൂക്കളും ഓണനാള്‍ കാത്ത് വിരിഞ്ഞുനില്‍പുണ്ട്.