ഓണത്തെ വരവേല്‍ക്കാനുള്ള തിരക്കിലാണ് ചെന്നൈ മലയാളികളും. പായസമേളയും ഓണച്ചന്തയുമായി ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. തിരുവോണം നാളെ ആണെങ്കിലും ഓണസദ്യ അടക്കം എല്ലാം സെറ്റാണ്.
പാലട, പരിപ്പ് പ്രഥമന്‍, അടപ്രഥമന്‍, ചക്കപ്പായസം, ഇങ്ങനെ നീളുന്നു കെടിഡിസിയുടെ നേതൃത്വത്തിലുള്ള പായസമേളയിലെ വിഭവങ്ങള്‍. തിരുവോണദിനം വരെ റെയിന്‍ഡ്രോപ്സ് ഹോട്ടലില്‍ തുടരുന്ന പായസമേളയില്‍ ഓരോദിവസവും വെറൈറ്റി പായസങ്ങള്‍ റെഡിയാണ്. ഒരു ലിറ്റര്‍ അരലിറ്റര്‍ അളവില്‍ പായസം ലഭിക്കും. മലയാളിയുടെ തനത് രുചിയില്‍ ഓണവിഭവങ്ങള്‍ ഉണ്ടാക്കാന്‍ കേരളത്തില്‍നിന്ന് സാധനങ്ങള്‍ എത്തിച്ചാണ് സദ്യ അടക്കം ഇവിടെ ഒരുക്കുന്നത്.
ചെന്നൈ മലയാളികളുടെ ഉത്രാടപ്പാച്ചില്‍ കളറാക്കാന്‍ ഓണച്ചന്തകളും സജീവമായിക്കഴിഞ്ഞു. മദിരാശി കേരള സമാജത്തിന്റെ ഓണച്ചന്തയില്‍ സാധാനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ വലിയ തിരക്കാണ്.
കേരളസാരി അടക്കം ഓണച്ചന്തയിലുണ്ട്. സദ്യവട്ടങ്ങളെല്ലാം ഒരു കുടക്കീഴില്‍ കിട്ടുമെന്നതിനാല്‍ ഓണച്ചന്തകള്‍ തേടിപ്പിടിച്ചാണ് മലയാളികള്‍ എത്തുന്നത്. മലയാളികള്‍ മാത്രമല്ല ഓണച്ചന്തയിലെത്തുന്ന തമിഴ്‌നാട്ടുകാരും ഓണം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ്.