ambulance-misuse-palakkad-onam

പാലക്കാട് മോയൻസ് എൽപി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ ആംബുലൻസ് ദുരുപയോഗം ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന് പരാതി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആഘോഷ പരിപാടിക്കിടെ ആംബുലൻസ് ഉപയോഗിച്ചതിന് ആംബുലൻസ് ഡ്രൈവർമാരുടെ അസോസിയേഷനാണ് പാലക്കാട് എംവിഡിക്ക് ഔദ്യോഗികമായി പരാതി നൽകിയത്. കഴിഞ്ഞ ദിവസം നടന്ന പരിപാടിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

സ്കൂളിന്‍റെ ഓണാഘോഷ പരിപാടികൾക്ക് ശേഷം, സ്കൂള്‍‌ ഗ്രൗണ്ട് ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിപാടിക്കായി വിട്ടുനൽകുകയായിരുന്നു. ഈ ചടങ്ങിലാണ് കുട്ടികൾ ഡാൻസ് കളിക്കുന്നതിനിടയില്‍ തൊട്ടുപിന്നിലായി ചെറിയ ആംബുലൻസ് കടന്നുവരികയും, അതിൽ നിന്ന് വർണ്ണപ്പൊടികൾ ആകാശത്തേക്ക് വിതറി ആഘോഷ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. വിദ്യാർഥികൾ തന്നെയാണ് ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ദൃശ്യങ്ങൾ പങ്കുവെച്ചത്. അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ ഉപയോഗിക്കുന്ന വാഹനം ആഘോഷങ്ങൾക്ക് ദുരുപയോഗം ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് ആംബുലൻസ് ഡ്രൈവർമാർ ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി ആംബുലൻസ് രൂപമാറ്റം വരുത്തുകയോ ആഘോഷ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം വാഹനം ഓടിച്ച ഡ്രൈവർക്കും ഉടമയ്ക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് സൂചന. സ്കൂൾ അധികൃതരോട് സ്വകാര്യ സ്ഥാപനത്തിന് ഗ്രൗണ്ട് വിട്ടുനൽകിയതിലും ഇത്തരം പ്രകടനങ്ങൾ അനുവദിച്ചതിലും വിശദീകരണം തേടുമെന്ന് അധികൃതർ അറിയിച്ചു.

ENGLISH SUMMARY:

An official complaint has been filed with the Motor Vehicles Department after an ambulance was allegedly misused for Onam celebrations at the Moyans LP School ground in Palakkad. During a private institution's event on the premises, the emergency vehicle was driven onto the field while students danced, spraying colored powder into the air. Footage of the stunt was widely shared by students across social media platforms, sparking severe backlash from driver associations. Authorities have initiated a formal inquiry to investigate potential vehicle modifications and legal violations by the driver and owner.