സംസ്ഥാനത്ത് വിവിധ അപകടങ്ങളില്‍ ഏഴുവയസുകാരന്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മരിച്ചു. എറണാകുളം നെടുങ്ങപ്രയിലാണ് ലോറിക്കടിയില്‍പെട്ട് രണ്ടാം ക്ലാസുകാരന്‍ മരിച്ചത്. കണ്ണൂര്‍ പിലാത്തറയില്‍ ലോറികള്‍ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ട് ജീവന്‍ പൊലിഞ്ഞു. അടൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പൊലീസുകാരന്‍ മരിച്ചു. തിരുവനന്തപുരം പുത്തന്‍തോപ്പില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ജീവന്‍ നഷ്ടമായി.
പിതാവ് ബേസിലിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ രാവിലെ എട്ടേകാലോടെയാണ് രണ്ടാം ക്ലാസുകാരന്‍ അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ച സ്കൂട്ടര്‍ ലോറിയുമായി കുട്ടിയിടിച്ചു. ലോറി കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങി.
കണ്ണൂർ പിലാത്തറയിൽ തകരാറിലായതിനെ തുടർന്ന് നിർത്തിയിട്ട തടി ലോറിയിൽ സിമന്‍റ് ലോറി ഇടിച്ചായിരുന്നു അപകടം. ലോറിയുടെ തകരാർ പരിഹരിക്കാൻ എത്തിയ കാഞ്ഞങ്ങാട് സ്വദേശി ഇബിനെസർ ആന്‍റോ, പാലക്കാട് സ്വദേശി മുഹമ്മദ് ഷെബിൻ എന്നിവരാണ് മരിച്ചത്. തടി ലോറി പൂർണമായും കത്തി നശിച്ചു. അപകടത്തിന്‍റെ ആഘാതത്തിൽ മരം വീണ് സമീപത്തെ കാറും തകർന്നു. തിരുവനന്തപുരം പുത്തന്‍തോപ്പില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് മരിയനാട് സ്വദേശി ഷോണ്‍ മരിച്ചു. ഓട്ടോ ഡ്രൈവറായ ഷാജു കുമാറിനും ഗുരുതരമായി പരുക്കേറ്റു. എം.സി.റോഡിൽ അടൂർ വടക്കടത്തുകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ പോലീസുകാരൻ മരിച്ചു. വടക്കടത്തുകാവ് മൂന്നാം ബറ്റാലിയൻ പോലീസ് ക്യാമ്പിലെ ഹവിൽദാർ കരുനാഗപ്പള്ളി ആലുംകടവ് മരുതൂർകുളങ്ങര സൗത്ത് പുത്തൻപുരയിൽ എസ്.സച്ചുആണ് മരിച്ചത്. കണ്ണൂര്‍ കല്യാശേരി കീച്ചേരിക്കുന്നില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റു. തളിപ്പറമ്പില്‍നിന്ന് കണ്ണൂരിലേക്ക് വന്ന ബസാണ് മറിഞ്ഞത്.