തിരുവനന്തപുരം തിരുവല്ലത്ത് ബൈക്കിടിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം. തിരുവല്ലം ഇടയാർ സ്വദേശിനികളായ ശാന്തമ്മ, വിജയമ്മ എന്നിവരാണ് മരിച്ചത്. ക്ഷേത്ര ദർശനത്തിന് പോകുന്നതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇരുവരെയും ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു.
സ്നേഹവും കരുതലും പങ്കുവച്ച് ജീവിതത്തില്‍ കൈകോര്‍ത്ത് നീങ്ങിയിരുന്നവര്‍ മരണത്തിലേക്കും കൈകോര്‍ത്ത്. ക്ഷേത്രദര്‍ശനം ലക്ഷ്യമിട്ട് വീട്ടില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. കൈകോര്‍ത്ത് ഇടയാര്‍ ഭാഗത്ത് നിന്നും മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ച സഹോദരിമാരെ ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു.
അപകടത്തിന് പിന്നാലെ നാട്ടുകാരുടെയും വാഹനയാത്രികരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. സാരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന യുവാവും പരുക്കേറ്റ് ചികില്‍സയിലാണ്. സഹോദരിമാരുടെ ജീവനെടുത്ത പാതയോട് ചേര്‍ന്ന് കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ നാല് അപകടങ്ങളുണ്ടായെന്നും പൊലീസിന്‍റെ പ്രത്യേക ജാഗ്രത വേണമെന്നും നാട്ടുകാര്‍.