• സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന 'വൈറല്‍ വിഡിയോ'കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് അദീല അബ്ദുല്ല

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന 'വൈറല്‍ വിഡിയോ'കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് അദീല അബ്ദുല്ല. വഴി നടക്കാന്‍ പോലും പറ്റാത്ത വിധത്തിലാണ് ചില യൂട്യൂബ് ചാനലുകളുടെ വിഡിയോ പകര്‍ത്തലെന്നും പല ആംഗിളില്‍ നിന്നാണിത് എടുക്കുന്നതെന്നും സമൂഹമാധ്യമങ്ങളില്‍ ഇത്തരം വിഡിയോകള്‍ കണ്ടാല്‍ അധികൃതര്‍ നടപടിയെടുക്കണമെന്നും അവര്‍ മനോരമന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു. ശരീരത്തില്‍ പല അവയവങ്ങളും കാണും. അതിലേക്കെല്ലാം ക്യാമറക്കണ്ണുകള്‍ എത്തേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  Also Read: രാഷ്ട്രീയത്തില്‍ വലിയ പരിണാമമില്ല; സമൂഹം മാറിയ സ്പീഡില്‍ മാനസിക പരിവര്‍ത്തനമില്ല: പിഷാരടി .

സാംസ്കാരികതലത്തില്‍ മാറ്റത്തോട് പൊരുത്തപ്പെട്ടത് സിനിമ മാത്രമാണെന്നും സാഹിത്യത്തില്‍ അതുണ്ടായില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. സാഹിത്യകാരന്‍മാരും സാഹിത്യകാരികളും ഏതോ കാലഘട്ടത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നും മലയാളഭാഷയെ വേണ്ടരീതിയില്‍ വളര്‍ത്താന്‍ നമുക്ക് കഴിഞ്ഞില്ലെന്നും അദീല പറഞ്ഞു.

കേരളത്തില്‍ സ്ത്രീകള്‍ക്ക് പരിഗണന കിട്ടണമെങ്കില്‍ ജെന്‍ സി വരണമെന്നാണ് തനിക്ക് തോന്നുന്നതെന്നു അവരിലാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

കരുത്തരായ സ്ത്രീകള്‍ പഴയകാല കേരളത്തിലുമുണ്ടായിരുന്നു. പ്രിവിലേജായ സ്ത്രീകള്‍ക്ക് അന്നും സമൂഹത്തില്‍ സ്ഥാനവും പരിഗണനയും ഉണ്ടായിരുന്നു. പക്ഷേ സാധാരണക്കാരായ സ്ത്രീകളെ എവിടെ ഇരുത്തുന്നുവെന്നതാണ് ചോദ്യമെന്നും അദീല തുറന്നടിച്ചു.

ENGLISH SUMMARY:

Adeela Abdulla called for action against intrusive viral videos and privacy violations on social media, particularly videos filmed from inappropriate angles. She stressed that public content creation must respect people's dignity and personal boundaries. Adeela also criticised the slow adaptation of literature to social change and expressed hope that Gen Z could bring greater equality and recognition for women in Kerala.