എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി ജലമേളയിൽ കന്നിക്കാരായ അരോമ ചുണ്ടൻ ചാംപ്യൻമാര്‍. ഫോട്ടോ ഫിനിഷിൽ 4 മിനിറ്റ് 23.32 സെക്കൻഡ് സമയത്തിൽ ഫിനിഷ് ചെയ്താണ് അരോമ ചരിത്രനേട്ടം സ്വന്തമാക്കിയത്. കൊല്ലത്ത് നിന്നുള്ള ചുണ്ടനും ബോട്ട് ക്ലബുമാണ് അരോമ. പുന്നമടയിൽ ആദ്യമായി ജലമേളക്കെത്തിയവർ അങ്ങനെ ജേതാക്കളായി മടങ്ങി.
ഫൈനലിൽ ട്രാക്ക് മൂന്നിലാണ് അരോമ ചുണ്ടൻ മത്സരിച്ചത്. ട്രാക്ക് ഒന്നിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടനെയും, ട്രാക്ക് രണ്ടിൽ യൂബിസി കൈനകരി എഫ്‌സി തുഴഞ്ഞ വീയപുരം ചുണ്ടനെയും, ട്രാക്ക് നാലിൽ പിബിസി പുന്നമട തുഴഞ്ഞ നടുഭാഗം ചുണ്ടനെയുമാണ് അരോമ പിന്നിലാക്കിയത്.
ഫോട്ടോ ഫിനിഷിലേക്ക് നീങ്ങിയ നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ 4 മിനിറ്റ് 23.32 സെക്കൻഡ് ആണ് അരോമയുടെ ഫിനിഷിങ് ടൈം. നെഹ്‍റു ട്രോഫിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് കൊല്ലം ജില്ല കപ്പിൽ മുത്തമിടുന്നത്. രഞ്ജിത്ത് സജീവ് കൊച്ചുമ്മൻ ക്യാപ്റ്റനായും ജിതിൻ വർഗീസ് ലീഡിങ് ക്യാപ്റ്റനായും നയിച്ച ടീമിൽ 85 തുഴച്ചിലുകാരും 5 അമരക്കാരും 9 നിലക്കാരുമാണ് അണിനിരന്നത്.
മുഖ്യമന്ത്രി വി.ഡി.സതീശൻ ജലമേള ഉദ്ഘാടനം ചെയ്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.